കോട്ടയം- കന്യാസ്ത്രീ പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസിനു നല്‍കിയ മൊഴികള്‍ കളവാണെന്ന് സ്ഥിരീകരിച്ചതോടെ അറസ്റ്റ് അനിവാര്യമായി. നിര്‍ണായ മൊഴികള്‍ പോലീസിനു ലഭിച്ചിട്ടുമുണ്ട്. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായി ഡ്രൈവറും മഠത്തിലെ രജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയും മൊഴി നല്‍കിയതാണ് നിര്‍ണായകമായത്. ഈ ദിവസം ഇവിടെ എത്തിയിട്ടില്ല, മുതലക്കോടതത്തെ മഠത്തിലാണു താമസിച്ചതെന്നായിരുന്നു ബിഷപിന്റെ മൊഴി. എന്നാല്‍ മുതലകോടത്തെ മഠത്തില്‍ ഈ ദിവസം എത്തിയിട്ടില്ലെന്ന് അവിടുത്തെ രജിസറ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയും മൊഴി നല്‍കിയതോടെ ബിഷപിന്റെ വാദം കള്ളമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഈ നിര്‍ണായകമായ മൂന്ന് മൊഴികള്‍ക്കു പുറമെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴികളിലെ വൈരുധ്യങ്ങള്‍ക്ക് പോലീസിനു വ്യക്തമായ വിശദീകരണവും ലഭിച്ചു.
ബിഷപിന്റെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, കന്യാസ്ത്രീ പരാതി തയാറാക്കിയ ലാപ്‌ടോപ്, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട്. ഈ മാസം 19-ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനു ശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.