Sorry, you need to enable JavaScript to visit this website.

ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി കാര്യങ്ങൾ വെളിപ്പെടുത്തണം

കോഴിക്കോട്- ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ പ്രളയത്തിനു മുമ്പും ശേഷവും എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയരോട് വ്യക്തമാക്കണമെന്ന് പി.ടി തോമസ് എം.എൽ.എ. മുഖ്യമന്ത്രി ചികിത്സക്കു പോയതിനു ശേഷം ആരാണ് ദുരന്ത നിവരണ അതോറിറ്റി ചെയർമാൻ എന്നും അിറയേണ്ടതുണ്ട്. ചുമതല ആർക്കും നൽകിയിട്ടില്ലെങ്കിൽ പ്രളയാനന്തര നവകേരള സൃഷ്ടിയെന്നത് ആത്മാർഥതയില്ലാത്ത വാചകക്കസർത്തു മാത്രമാണെന്നതിന് വേറെ തെളിവൊന്നും ആവശ്യമില്ലെന്നും കാലിക്കറ്റ് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പി ടി തോമസ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ചുമതല ആരെയും ഏല്പിക്കാത്തത് ജനാധിപത്യ വിരുദ്ധവും ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്ന നടപടിയുമാണ്. ഡാമുകൾ തുറക്കുന്നതിലുൾപ്പെടെ പ്രളയം നേരിടുന്നതിൽ മതിയായ മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിലും ബദൽ സംവിധാനം ഒരുക്കുന്നതിലും ദുരന്ത നിവാരണ അതോറിറ്റിക്കും സർക്കാർ സംവിധാനങ്ങൾക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്്. മുല്ലപ്പെരിയാർ ഡാം തുറക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചത് അർധരാത്രിയാണെന്നു മാത്രമല്ല നടപടിക്ക് ഒരു മണിക്കൂർ പോലും ശേഷിക്കാത്ത സമയത്താണ്. വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകാൻ പോയ മൂന്നു വാഹനങ്ങൾ വെള്ളത്തിലായതും വെള്ളം കയറിയതിനാൽ ദുരിതാശ്വാസ ക്യമ്പുകൾ പലതവണ മാറ്റേണ്ടി വന്നതും ആവശ്യമായ ഗൃഹപാഠം സ്വീകരിച്ചില്ലെന്നതിനു തെളിവാണ്. ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന വേളയിൽ ഡാമുകൾ തുറന്നത് അപകട തീവ്രത വർധിപ്പിച്ചു.
സർക്കാർ സംവിധാനങ്ങൾ തമ്മിൽ ഏകോപനമുണ്ടായിരുന്നില്ല. ഡാമുകൾ തുറക്കുന്നതു സംബന്ധിച്ച് പത്തനംതിട്ട, വയനാട് ജില്ലാ കലക്ടർമാർക്കും ചീഫ് സെക്രട്ടറിക്കും കൃത്യമായ അറിവുണ്ടായിരുന്നില്ലെന്നതും ഇടുക്കി അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ച് ഡാം സുരക്ഷാ അതോറിറ്റിയുടെയും വൈദ്യുതി മന്ത്രിയുടെയും ജലവിഭവ മന്ത്രിയുടെയും ഇടുക്കി കലക്ടറുടെയും വ്യത്യസ്ത നിലപാടുകളും അതാണ് കാണിക്കുന്നത്. പ്രളയ ദുരന്തം മനുഷ്യനിർമിതമാണെന്നും അഞ്ഞൂറോളം ആളുകൾ മരിക്കുകയും കോടികളുടെ നഷ്ട മുണ്ടാവുകയും  ചെയ്ത പ്രളയത്തെയും തുടർന്നുണ്ടായ സംഭവ വികാസങ്ങളെയും ഉത്തരവാദപ്പെട്ടവരുടെ വീഴ്ചകളെയും കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. 
പ്രളയദുരിത പശ്ചാത്തലത്തിൽ മാധവ് ഗാഡ്ഗിലിന്റെ കാര്യത്തിൽ കേരളത്തിലെ ഇടത്-വലത് മുന്നണികളടക്കമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ മുൻ നിലപാടിൽ പുനർചിന്തനം നടത്തണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ കക്ഷികൾ ഇപ്പോൾ ഇത്തരമൊരു കാര്യം ചെയ്തില്ലെങ്കിൽ വരും കാലത്ത് അത് ഇവർക്ക് തന്നെ വലിയ ബാധ്യതയായി മാറും. ബി.ജെ.പി മാത്രമായിരുന്നു മുമ്പ് ഗാഡ്ഗിൽ റിപ്പോർട്ടിനെ തുണച്ചത്. എന്നാൽ നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയതോടെ അവരും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ തുടങ്ങി.
ഞാൻ അന്നും ഇന്നും ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണക്കുക തന്നെയാണ്. ഗാഡ്ഗിൽ റിപ്പോർട്ട് കർഷകര വിരുദ്ധമോ മറ്റോ അല്ല. മറിച്ച് അങ്ങനെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. നമ്മളേക്കാൾ കൂടുതൽ ഇത് ബാധിക്കുക തമിഴ്‌നാടിനെയായിരുന്നു. എന്നാൽ അവിടെ ഇതിന്റെ പേരിൽ ആരും തെരുവിലിറങ്ങിയതായി അറില്ലെന്നും പി.ടി തോമസ് പറഞ്ഞു.

Latest News