പാലക്കാട്- ജില്ലയിൽ ചൂട് കൂടുന്നു. 35.1 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ കൂടിയ താപനില. മലമ്പുഴയിലാണ് ഇത് രേഖപ്പെടുത്തിയത്. 24.3 ഡിഗ്രിയാണ് കുറഞ്ഞ താപനില. മുണ്ടൂർ ഐ.ആർ.ടി.സി.യിൽ കൂടിയ താപനില 34.1 ഡിഗ്രിയും കുറഞ്ഞ താപനില 24.3 ഡിഗ്രിയും രേഖപ്പെടുത്തി.
ബുധനാഴ്ചയും 35.1 ഡിഗ്രി സെൽഷ്യസ് ചൂടാണ് മലമ്പുഴയിൽ രേഖപ്പെടുത്തിയത്. കുറഞ്ഞ താപനിലയും 24.3 ഡിഗ്രിയായിരുന്നു. ചൂട് കനത്തതോടെ ബുധനാഴ്ച ജില്ലയിൽ മൂന്നു പേർക്ക് സൂര്യാതാപമേറ്റിരുന്നു. അലനല്ലൂർ ഭീമനാട് കോറത്ത് വീട്ടിൽ അൻവർ (35), നൗഫൽ (29), കുത്തനൂർ മരുതന്തടം ബാലൻ (58) എന്നിവർക്കാണ് സൂര്യാതാപമേറ്റത്. ചൂട് കനത്തതിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
വളരെ ഉയർന്ന നിലയിലുളള ശരീര താപം, ശക്തിയായ തലവേദന, തലകറക്കം, അബോധാവസ്ഥ, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേർത്ത വേഗത്തിലുളള നാഡിമിടിപ്പ് തുടങ്ങിയവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. സൂര്യാതാപമേറ്റാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം. സൂര്യാതാപമേൽക്കാതിരിക്കാൻ വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കുക, കട്ടികുറഞ്ഞതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെളളം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.