തിരുവനന്തപുരം- സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ യോഗ്യമായ ഭൂമി കണ്ടെത്തിയാല്‍ വീടോ ഫ്‌ളാറ്റോ നിര്‍മ്മിച്ചു നല്‍കുമെന്ന് ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. പുനരധിവാസം സംബന്ധിച്ചുള്ള ഉത്തരവില്‍ വാസയോഗ്യമായ സ്ഥലം കണ്ടെത്താന്‍ ജില്ലാ കലക്ടര്‍മാക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പ്രളയത്തിനു ശേഷമുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാരിന്റെ പുതിയ നയം പ്രതിഫലിപ്പിക്കുന്നതാണ് ഈ ഉത്തരവ്. ഉരുള്‍പ്പൊട്ടലോ മണ്ണിടിച്ചിലോ കാരണം വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വീടു വച്ചു നല്‍കില്ല. ഇത്തരത്തിലുള്ള ഭൂമി ഒഴിവാക്കി മാത്രമെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാവൂ എന്നും ഉത്തരവിലുണ്ട്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച് കൂര്യനു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വാസയോഗ്യമായ ഭൂമി കണ്ടെത്തി മൂന്നാഴ്ച്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണ് കലക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.