Sorry, you need to enable JavaScript to visit this website.

മലയാളം ന്യൂസ് സര്‍വേയില്‍ സര്‍ക്കാരിന് നൂറു മാര്‍ക്ക്; ആശങ്ക നീങ്ങാതെ പ്രവാസി സംഘടനകള്‍

ജിദ്ദ- പ്രളയക്കെടുതിക്ക് ശേഷം കേരള സര്‍ക്കാര്‍ നടത്തുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മലയാളം ന്യൂസ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും തൃപ്തി രേഖപ്പെടുത്തി. 61 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചപ്പോള്‍ 39 ശതമാനം പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
നവകേരള നിര്‍മിതിക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയാറാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചവരില്‍ കൂടുതലും സംഭാവന സന്നദ്ധ സംഘടനകളെ ഏല്‍പിക്കാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. 60 ശതമാനം പേര്‍ സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 40 ശതമാനം പേരാണ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചത്.
പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാരിന്റെ വിഭവ ശേഖരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ പ്രവാസി സംഘടനാ നേതാക്കള്‍ സന്നദ്ധത അറിയിച്ചുവെങ്കിലും കാര്യക്ഷമതയില്‍ പലര്‍ക്കും സംശയം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏതു രീതിയില്‍ സഹകരിച്ചുവോ ആ രീതിയില്‍ തന്നെ നവകേരള നിര്‍മിതിയില്‍ സഹകരിക്കാന്‍ ജനങ്ങള്‍ ഒന്നടങ്കം തയാറാണെങ്കിലും അതിനെ രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുപ്പു നടത്താനുള്ള നീക്കങ്ങള്‍ ഖേദകരമാണെന്ന് കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീറും പറഞ്ഞു. എന്നാല്‍ രാഷ്ട്രീയം മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിന് കരുത്ത് പകരേണ്ട സമയമാണിതെന്ന് സി.പി.എം പ്രവാസി സംഘടനയായ ജിദ്ദ നവോദയ രക്ഷാധികാരി വി.കെ.എ. റഊഫ് പറഞ്ഞു.
നവകേരള നിര്‍മിതിയില്‍ ഏതു രീതിയില്‍ സഹകരിക്കണമെന്ന കാര്യത്തില്‍ നയപരമായ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് അഹമ്മദ് പാളയാട്ട് പറഞ്ഞു. കെ.എം.സി.സി നടത്തുന്ന ഫണ്ട് ശേഖരണം അര്‍ഹരായവരുടെ കൈകളില്‍ എത്തണമെന്ന് നിര്‍ബന്ധമുണ്ട്. അതു സത്യസന്ധതയോടെ സര്‍ക്കാര്‍ നിര്‍വഹിക്കുമെങ്കില്‍ സഹകരിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാലവര്‍ഷക്കെടുതിയുടെ ആരംഭം മുതല്‍ കെ.എം.സി.സി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം പ്രയാസത്തിലായ വയനാട്ടിലെ ജനങ്ങള്‍ക്ക് ആദ്യമായി സഹായം എത്തിച്ചത് ജിദ്ദ കെ.എം.സി.സിയായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി കോഴിക്കോട് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത ലോറികളില്‍ മൂന്നു ലക്ഷം രൂപയുടെ സാധനങ്ങളാണ് ഓഗസ്റ്റ് 15ന് വയനാട്ടില്‍ എത്തിച്ചത്. പിന്നീട് സംസ്ഥാനമൊന്നാകെ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ മറ്റു ജില്ലകളിലേക്കും ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങള്‍ സൗദിയിലേയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേയും കമ്മിറ്റികള്‍ വഴി എത്തിക്കാനായി. ഇതിനു പുറമെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും കെ.എം.സി.സി സജീവമായി പങ്കെടുത്തു വരികയാണ്. ഇനിയും വിതരണത്തിനായി ലക്ഷക്കണക്കിനു സാധനങ്ങളുണ്ട്്. എന്നാല്‍ പലവിധ തടസങ്ങളാല്‍ അതിനു കഴിയാത്ത സാഹചര്യമാണുള്ളത്. അതെല്ലാം നീക്കി അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിനായി നാട്ടിലുള്ള കെ.എം.സി.സിക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. പ്രളയക്കെടുതിയില്‍ പ്രവാസികളായ ഒട്ടേറെ പേര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതില്‍ ശ്രദ്ധിക്കുമെന്നും കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ എല്ലാ വിധ സഹകരണവും കെ.എം.സി.സിയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നും പാളയാട്ട് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പരമാവധി ദുരിതാശ്വാസ സഹായങ്ങള്‍ നാട്ടില്‍ എത്തിക്കഴിഞ്ഞുവെന്നും അതു ശരിയായി വിനിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഒ.ഐ.സി.സി നേതാവ് കെ.ടി.എ മുനീര്‍ പറഞ്ഞു. മന്ത്രിമാര്‍ ഇങ്ങോട്ടു വന്നുള്ള ഫണ്ട് പിരിവ് പ്രായോഗികമല്ല. അതിന് നിയമപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. ഇവിടെ ജോലി ചെയ്യുന്നവര്‍ക്കു പോലും പിരിവിന് അനുമതിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പുറത്തു നിന്നു വന്ന് ഫണ്ട് ശേഖരണം നടത്താനാവില്ല. അതിനാല്‍ മണ്ടന്‍ പ്രഖ്യാപനങ്ങള്‍ നടത്താതെ ജനങ്ങള്‍ ഇതിനകം തന്നെ നല്‍കിയ സഹായങ്ങള്‍ ശരിയാം വണ്ണം വനിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് മുനീര്‍ പറഞ്ഞു.
പ്രവാസികള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എങ്കിലും ഒ.ഐ.സി.സിയും അതുപോലുള്ള മറ്റു സംഘടനകളും ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങളാണ് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി അയച്ചത്. ഒ.ഐ.സി.സി ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണവും നടത്തി വരികയാണ്. നവകേരള നിര്‍മിതിയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് കെ.പി.സി.സി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കെ.പി.സി.സി നേരിട്ടും ആയിരം വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് അര്‍ഹരാവയവര്‍ക്ക് യഥാസമയം എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഓഖി ഫണ്ട് വിനിയോഗം പോലെ അലംഭാവം ഇല്ലാതെ സുതാര്യത ഉറപ്പാക്കണം.
ദുരന്തത്തിനിരയായ പ്രവാസികളുടെ കണക്കെടുപ്പ് പ്രത്യേകം തന്നെ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പ്രവാസി സംഘടനകള്‍ മുന്‍കൈ എടുക്കണം. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ നോക്കാന്‍ നാട്ടുകാരും സര്‍ക്കാരും ഉണ്ടാവും. എന്നാല്‍ പ്രവാസികളുടെ കാര്യത്തില്‍ പ്രവാസികള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടതെന്നും അതിനാല്‍ പ്രവാസി സംഘടനകള്‍ നടത്തുന്ന ദുരിതാശ്വാസ സഹായങ്ങളില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
ജിദ്ദ നവോദയ ഏരിയ കമ്മിറ്റികള്‍ വഴിയുള്ള ദുരിതാശ്വാസ നിധി ശേഖരണം പുരോഗതിയിലാണെന്നും അടുത്ത ആഴ്ചയോടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും വി.കെ. റഊഫ് പറഞ്ഞു. സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് നടത്തുന്നത്. അതുപോലെ ഫണ്ടിന്റെ വിനിയോഗവും ഉണ്ടാവുമെന്നതില്‍ ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധിയുടെ ഘട്ടത്തിലും പ്രവാസികള്‍ കൈയയച്ചു സഹായിക്കുന്നുണ്ട്. ഇതിനകം പല രീതിയിലുള്ള സഹായം പ്രവാസികള്‍ നല്‍കിക്കഴിഞ്ഞു. മന്ത്രിമാര്‍ ഇവിടെ എത്തി പിരിവ് നടത്തുന്നതിന് പലവിധ തടസങ്ങളുണ്ടെങ്കിലും ഒരു മാസത്തെ ശമ്പളമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് അനുകൂല പ്രതികരണം ഉണ്ടാവുമെന്നതില്‍ സംശയമില്ല. ഇതുവരെ ചെയ്ത സഹായം കഴിച്ച് ഒരു മാസത്തെ ശമ്പള വിഹിതമെന്നതില്‍ അവശേഷിക്കുന്ന തുകയുണ്ടെങ്കില്‍ അതു ബന്ധപ്പെട്ടവരുടെ കൈകളില്‍ ഏല്‍പിക്കുന്നതിന് പ്രവാസികള്‍ മടി കാണിക്കില്ലെന്ന് റഊഫ് പ്രത്യാശ പ്രകടിപ്പിച്ചു.

 

Latest News