Sorry, you need to enable JavaScript to visit this website.

സൗദിയയും സ്വദേശി യുവതികളെ എയർ ഹോസ്റ്റസുമാരായി നിയമിക്കുന്നു

ജിദ്ദ- സൗദി വനിതകളെ എയർ ഹോസ്റ്റസുമാരായി നിയമിക്കുന്നതിനെ കുറിച്ച് ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) പഠിക്കുന്നു. തുടക്കത്തിൽ ആഭ്യന്തര സർവീസുകളിലാണ് സൗദി വനിതകളെ എയർ ഹോസ്റ്റസുമാരായി നിയമിക്കുക. അന്താരാഷ്ട്ര സർവീസുകളിൽ സൗദി യുവതികളെ എയർ ഹോസ്റ്റസുമാരായി നിയമിക്കുന്ന തീയതി സൗദിയ നിർണയിച്ചിട്ടില്ല. 
രാജ്യത്തെ നിയമങ്ങൾക്കും ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകൾക്കും സമൂഹത്തിന്റെ മൂല്യങ്ങൾക്കും അനുസൃതമായി പരിശീലനം നൽകിയാണ് സൗദി യുവതികളെ എയർ ഹോസ്റ്റസുമാരായി നിയമിക്കുക. നിലവിൽ സൗദിയിലെ വിമാന കമ്പനികളിൽ സ്വദേശി വനിതകൾ എയർ ഹോസ്റ്റസുമാരായി ജോലി ചെയ്യുന്നില്ല. 
സൗദി വനിതകളെ എയർ ഹോസ്റ്റസുമാരായി നിയമിക്കുന്നതിന് നീക്കമുണ്ടെന്ന് സൗദിയക്കു കീഴിലെ ബജറ്റ് വിമാന കമ്പനിയായ അദീൽ എയർലൈൻസും അറിയിച്ചിട്ടുണ്ട്. ഫുൾടൈം അടിസ്ഥാനത്തിൽ എയർ ഹോസ്റ്റസുമാരായി ജോലി ചെയ്യുന്നതിന് 20 സൗദി വനിതകളെ തേടുന്നതായി കമ്പനി പരസ്യം ചെയ്തു. അപേക്ഷകർ 23നും 30 വയസ്സിനുമിടയിൽ പ്രായമുള്ള, ഡിപ്ലോമ യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷ നൽകുന്നതിനുള്ള അവസാന ദിവസം സെപ്റ്റംബർ 30 ആണെന്നും കമ്പനി അറിയിച്ചു. 
സൗദിയിലെ പ്രമുഖ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ നാസ് എയർ സൗദി വനിതകളെ എയർ ഹോസ്റ്റസുമാരായും അസിസ്റ്റന്റ് പൈലറ്റുമാരായും നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ 200 സൗദി യുവതീ യുവാക്കളെ അസിസ്റ്റന്റ് പൈലറ്റുമാരായും രണ്ടു വർഷത്തിനുള്ളിൽ എയർ ഹോസ്റ്റസുമാരക്കം 300 സ്റ്റ്യുവാർഡുകളെയും നിയമിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് നാസ് എയർ അറിയിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പൈലറ്റ്, സ്റ്റ്യുവാർഡ് പരിശീലന പദ്ധതികളിൽ ചേരുന്നതിന് സൗദി യുവതീ യുവാക്കളിൽനിന്ന് കമ്പനി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകരുടെ പ്രായം 19 നും 35 നും ഇടയിലായിരിക്കണമെന്നും ഉയരം 165 സെന്റീമീറ്റർ മുതൽ 193 സെന്റീമീറ്റർ വരെയായിരിക്കണമെന്നും ഉയരവും ശരീര ഭാരവും അനുയോജ്യമായിരിക്കണമെന്നും മെഡിക്കൽ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണമെന്നും സെക്കണ്ടറി പാസായവർ ആയിരിക്കണമെന്നും വ്യവസ്ഥകളുണ്ട്. 

Latest News