തലശേരി- ടി.പി വധക്കേസ് പ്രതി കിർമാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന് ആരോപിച്ച് യുവാവ് പോലീസിൽ പരാതി നൽകി. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡിവൈ.എസ്.പിയെ സമീപിച്ചത്. മൂന്നു മാസം മുമ്പാണ് തന്റെ ഭാര്യയും രണ്ടു കുട്ടികളും വീടുവിട്ടിറങ്ങിയതെന്നും നിയമപരമായി യുവതി ഇപ്പോഴും തന്റെ ഭാര്യയാണെന്നും പരാതിയിലുണ്ട്. പരാതി വടകര സി.ഐക്ക് ഡിവൈ.എസ്.പി കൈമാറി. ഭാര്യക്കൊപ്പം പോയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നും പരാതിയിലുണ്ടായിരുന്നു. തുടർന്ന് സി.ഐ ഇവരെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
കിർമാണി മനോജെന്ന മാഹി പന്തലക്കൽ സ്വദേശി മനോജ് കുമാറിന്റെ വിവാഹം കഴിഞ്ഞദിവസമാണ് നടന്നത്. പുതുച്ചേരി സിന്ധാന്തൻ കോവിലിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കിർമാണി മനോജ് പതിനഞ്ച് ദിവസത്തെ പരോളിൽ എത്തിയാണ് വിവാഹിതനായത്. വിവാഹം സാമൂഹ്യമാധ്യമങ്ങളിലടക്കം വൻ ചർച്ചയായിരുന്നു.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപിൽ ലഭിക്കുന്നതിനായി ജോയിൻ ചെയ്യുക