Sorry, you need to enable JavaScript to visit this website.

ദിലീപ് കുമാറിന്റെ അസ്വാഭാവിക മരണത്തിൽ  നരഹത്യക്ക് കേസെടുക്കണം

ദിലീപ്കുമാർ

തലശ്ശേരി- വിദഗ്ധ ഡോക്ടർമാരുടെയും ഭൗതിക സൗകര്യങ്ങളുടെയും അഭാവത്തിൽ മാഹിയിലെ സ്വകാര്യ ഡയാലിസിസ് സെന്ററിൽ വെച്ച് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കെ മരണപ്പെട്ട പുതുച്ചേരി ആരോഗ്യ വകുപ്പിലെ ജൂനിയർ അക്കൗണ്ട്‌സ് ഓഫീസർ ചെറുകല്ലായിലെ കുമരകത്ത് ദിലീപ് കുമാറിന്റെ മരണ കാരണങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും, നരഹത്യക്ക് കേസെടുക്കണമെന്നും കാണിച്ച് ഭാര്യ ജയശ്രീ ദിലീപ് കുമാർ പുതുച്ചേരി ലഫ്. ഗവർണർക്ക് പരാതി നൽകി.
  പുതുച്ചേരിയിൽ ജോലി ചെയ്യുന്ന ദിലീപ്കുമാർ ആഴ്ചയിൽ രണ്ട് തവണ ജിപ്മർ മെഡിക്കൽ കോളജിൽ ഡയാലിസിസിന് വിധേയനായിരുന്നു. ഇതിനകം 28 തവണ ഡയാലിസിസ് ചെയ്തപ്പോഴും യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. മുടക്കമില്ലാതെ ജോലിക്കും പോയിരുന്നു. അതിനിടയിൽ കുടുംബസമേതം നാട്ടിലേക്ക് വരേണ്ടി വന്നതിനാൽ ഓഗസ്റ്റ് 11 ന് മാഹിയിലെ സ്വകാര്യ ഡയാലിസിസ് സെന്ററിൽ ഡയാലിസിസിന് വിധേയനാവുകയായിരുന്നു. അതിന് മുമ്പ് സെൻറർ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ കൊണ്ടുപോയി നെഫ്രോളജിസ്റ്റിനെ കാണുകയും, പരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വൈകു. 4.55 നാണ് ദിലീപിനെ മാഹി ഡയാലിസിസ് സെന്ററിൽ പ്രവേശിപ്പിച്ചത്. ഒരു മണിക്കൂറിനകം മരണപ്പെടുകയും ചെയ്തു. ദേഹമാസകലം ചോരയിൽ കുളിച്ചു കിടന്ന ദിലീപിനെ ഡയാലിസിസ് അധികൃതർ മാഹി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പു തന്നെ മരണ പ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു.
അടുത്ത കാലത്ത് ആരംഭിച്ച ഈ സ്വകാര്യ ഡയാലിസിസ് സെന്ററിന് പുതുച്ചേരി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചുള്ള രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും, ഡയാലിസിസ് സെന്ററിന് വേണ്ട പ്രാഥമിക സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഡോക്ടറില്ല, വിദഗ്ധ പരിശീലനം സിദ്ധിച്ച നഴ്‌സുമാരോ, ടെക്‌നീഷ്യൻമാരോ ഇല്ല, ആംബുലൻസ്, ഓക്‌സിജൻ, ഐ.സി.യു. റൂം സൗകര്യങ്ങളുമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപിന്റെ മരണത്തെത്തുടർന്ന് നിയമാനുസൃത ലൈസൻസ് ഇല്ലാത്തതിനെതിരെ മാഹി ആരോഗ്യ വകുപ്പ് ഡെ: ഡയറക്ടർ എസ്.പ്രേംകുമാർ സെന്ററിന് നോട്ടീസ് നൽകിയിട്ടുണ്ട്.
  മുടക്കമില്ലാതെ മരണം വരെയും ജോലി ചെയ്തിരുന്ന തന്റെ ഭർത്താവ് അംഗീകാരമില്ലാത്ത, പ്രാഥമിക സൗകര്യങ്ങളൊന്നുമില്ലാത്ത സ്വകാര്യ ഡയാലിസിസ് സെന്ററിന്റെ അനാസ്ഥ മൂലം മരണപ്പെട്ട സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും, സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ജയശ്രീ ദിലീപ്കുമാർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest News