Sorry, you need to enable JavaScript to visit this website.

പിണറായി കൂട്ടക്കൊല: കുറ്റപത്രത്തിൽ പിഴവ്, വീണ്ടും സമർപ്പിച്ചു

തലശ്ശേരി- പിണറായി കൂട്ടക്കൊല കേസിലെ പ്രതി പിണറായി പടന്നക്കരയിലെ വണ്ണത്താൻങ്കണ്ടി സൗമ്യ(28) പ്രതിയായ കൂട്ടക്കൊലക്കേസിന്റെ കുറ്റപത്രം കോടതി മടക്കിയതിനെ തുടർന്ന് പിഴവുകൾ തീർത്ത് വീണ്ടും സമർപ്പിച്ചു. സൗമ്യക്കെതിരെ തലശ്ശേരി സി.ഐ എം.പി ആസാദ് നൽകിയ മൂന്ന് കുറ്റപത്രങ്ങളാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ത്രേട്ട് കോടതി നേരത്തെ തിരിച്ചയച്ചിരുന്നത.് കഴിഞ്ഞ മാസം 24ന് റിമാന്റിൽ കഴിയവെ  കണ്ണൂർ സ്‌പെഷ്യൽ വനിതാ ജയിലിൽ സൗമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അച്ഛൻ, അമ്മ,എട്ടു വയസ്സുകാരിയായ മകൾ എന്നിവരെയാണ് സൗമ്യ എലി വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് നൽകിയ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മതിയായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ലെന്ന കാരണത്താൽ മൂന്ന് കുറ്റപത്രങ്ങളും കോടതി മടക്കിയിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ  തലശ്ശേരി സി.ഐ എം.പി ആസാദ് വീണ്ടും മൂന്ന് കുറ്റപത്രങ്ങളും സമർപ്പിച്ചത്. 
സൗമ്യയുടെ ഫോണുകളിലെ കോൾ ഡീറ്റെയിൽസ്, എഫ്.ഐ.ആറിന്റെ സർട്ടിഫൈഡ് കോപ്പി ഉൾപ്പെടെ പിഴവുകൾ തീർത്താണ് പുതിയ കുറ്റപത്രം സമർപ്പിച്ചത.് സൗമ്യ ഉപയോഗിച്ച അഞ്ച് മൊബൈൽ ഫോണിലെ വിവരങ്ങൾ ശേഖരിച്ച ഫോറൻസിക് റിപ്പോർട്ട് പോലീസ് നൽകിയ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരുന്നില്ല. 
സൗമ്യ പ്രതിയായ കേസിന്റെ ആദ്യ കുറ്റപത്രം ജൂലൈ 20നാണ് തലശ്ശേരി സി.ഐ എം.പി ആസാദ്, തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ത്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നത്. പിണറായി പടന്നക്കരയിലെ വണ്ണത്താൻങ്കണ്ടി വീട്ടിൽ കമല(59) കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രമാണ് ആദ്യം കോടതിയിൽ സമർപ്പിച്ചിരുന്നത്. കേസിൽ പ്രതി കമലയുടെ മകളായ സൗമ്യ(28) മാത്രമാണെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 59 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തോടൊപ്പം കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായി അച്ഛൻ കുഞ്ഞിക്കണ്ണൻ(70)  മകൾ ഐശ്വര്യ(8) എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രങ്ങളും പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന്റെ നിയമോപദേശം തേടാതെയാണ് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത.് ഇതിനിടെയാണ് ഉത്രാട രാവിൽ സൗമ്യയെ ജയിലിലെ കശുമാവിൻ കൊമ്പിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അച്ഛനും അമ്മയും മകളുമുൾപ്പെടെ സ്വന്തം വീട്ടിലെ മൂന്ന് പേരെ എലി വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിണറായി പടന്നക്കരയിലെ വണ്ണത്താൻങ്കണ്ടി സൗമ്യ (28)യുടെ അഞ്ച് മൊബൈൽ ഫോൺ സംഭാഷണങ്ങളും അയച്ച സന്ദേശങ്ങളും വോയ്‌സ് മെസേജുകളുമടക്കം 32 ജി.ബി പെൻഡ്രൈവാണ് ഫോറൻസിക് വിദഗ്ധർ പോലീസിന് കൈമാറിയത്. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളുൾപ്പെടെ ഒരു മാസത്തെ പരിശ്രമഫലമായാണ് ഫോറൻസിക് സംഘം ഇത്  കണ്ടെടുത്തത്. എന്നാൽ ഇതിന്റെ ആധികാരികമായ രേഖകളൊന്നും നേരത്തെ കുറ്റപത്രത്തോടൊപ്പം പോലീസ് കോടതിയിൽ നൽകിയിരുന്നില്ല.
അതിനിടെ സൗമ്യയുടെ മരണം സംബന്ധിച്ച് ജയിൽ സൂപ്രണ്ട് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ത്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.  എട്ട് സിം കാർഡുകൾ ഉപയോഗിച്ചിരുന്ന സൗമ്യക്ക് അഞ്ച് മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. ഓരോ കാമുകൻമാരെ വിളിക്കാനും ഓരോ നമ്പറായിരുന്നു ഉപയോഗിച്ചിരുന്നത്. വഴി വിട്ട് നടക്കാൻ വേണ്ടിയാണ് വീട്ടുകാരെയും മകളെയും കൊലപ്പെടുത്തിയതെന്ന് യുവതി പൊലിസിന് മൊഴി നൽകിയിരുന്നു.
2012 സെപ്തംബർ ഒൻപതിന് സൗമ്യയുടെ ഇളയ മകൾ കീർത്തന (ഒന്നര) മരണപ്പെട്ടിരുന്നു. ഈ കുട്ടിയെയും സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പരാതിയുയർന്നിരുന്നു. എന്നാൽ പോലിസ് അന്വേഷണത്തിൽ വലിവിന്റെ അസുഖം ഉണ്ടായിരുന്ന കീർത്തന അസുഖത്തെ തുടർന്ന് തന്നെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. ആസൂത്രിതമായി മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ സൗമ്യ ഛർദ്ദി അഭിനയിച്ച് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ വെച്ചാണ് പോലീസ് സൗമ്യയെ അറസ്റ്റ് ചെയ്തിരുന്നത്. തലശ്ശേരി റസ്റ്റ് ഹൗസിൽ വെച്ച് പത്ത് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തപ്പോഴാണ് അമ്മ കമലയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത.് തുടർന്ന് ദിവസങ്ങളോളം നടത്തിയ ചോദ്യം ചെയ്യലിലാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞിരുന്നത്. സൗമ്യയുടെ മരണവും വണ്ണത്താൻങ്കണ്ടി വീട്ടിലെ മൂന്ന് കൊലപാതകങ്ങളും സൗമ്യ തനിച്ച് നടത്തിയെന്നത് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട സൗമ്യയുെട ബന്ധുക്കളും നാട്ടുകാരും നിയമ പോരാട്ടത്തിനുള്ള നീക്കത്തിലുമാണ്.
 

Latest News