റിയാദ് - ഒട്ടകങ്ങളോട് മോശമായി പെരുമാറിയതിന് വെറ്ററിനറി ഡോക്ടർക്ക് മുപ്പതിനായിരം റിയാൽ പിഴ ചുമത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ഗൾഫ് മൃഗസംരക്ഷണ നിയമം ലംഘിച്ചതിനാണ് മൃഗഡോക്ടർക്ക് പിഴ ചുമത്തിയത്. മനുഷ്യരിൽ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ ഒട്ടകങ്ങളിൽ ഉപയോഗിച്ചതിനാണ് ഡോക്ടർക്ക് പിഴ ചുമത്തിയതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ മൃഗാരോഗ്യ, നിരീക്ഷണ വകുപ്പ് മേധാവി ഡോ. അലി അൽദുവൈരിജ് പറഞ്ഞു. മനുഷ്യരിൽ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ മൃഗങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
മൃഗങ്ങളോട് മോശമായി പെരുമാറുന്ന ഏതൊരാൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രാലയം മടിച്ചുനിൽക്കില്ല. മൃഗങ്ങളോടുള്ള മോശം പെരുമാറ്റങ്ങളിൽ നിന്ന് വെറ്ററിനറി വിദഗ്ധരും ഡോക്ടർമാരും വിട്ടുനിൽക്കണം. മൃഗസംരക്ഷണ നിയമം ലംഘിക്കുന്നവരെ കുറിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ വഴി അറിയിക്കണം. പരാതികൾക്ക് ആധാരമായ കേസുകളുടെ ഫോട്ടോകളും വീഡിയോ ക്ലിപ്പിംഗുകളും ഇ-മെയിൽ വഴി അയച്ചുനൽകണമെന്നും ഡോ. അലി അൽദുവൈരിജ് ആവശ്യപ്പെട്ടു.