ഖുറയ്യാത്ത് - ഇന്ത്യക്കാരന്റെ താമസസ്ഥലത്ത് കവര്‍ച്ച നടത്തിയ സൗദി യുവാവിനെ അല്‍ജൗഫ് പോലീസ് അറസ്റ്റ് ചെയ്തു. താമസസ്ഥലത്തുനിന്ന് പണം കവര്‍ച്ച ചെയ്യപ്പെട്ടതായി കഴിഞ്ഞ വെള്ളിയാഴ്ച 60 കാരന്‍ എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ 19കാരന്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. ഇന്ത്യക്കാരന്റെ താമസസ്ഥലത്ത് കവര്‍ച്ച നടത്തിയതിനു ശേഷം ഈജിപ്തുകാരന്റെ താമസസ്ഥലത്തും മോഷണം നടത്തിതായി പ്രതി സമ്മതിച്ചു.
വിദേശികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കവര്‍ന്ന് കൈക്കലാക്കിയ പണം പ്രതിയുടെ പക്കല്‍ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് തന്റെ താമസസ്ഥലത്ത് കവര്‍ച്ച നടന്നതായി ഈജിപ്തുകാരന്‍ പോലീസില്‍ അറിയിച്ചത്. ഈ കവര്‍ച്ചക്കു പിന്നിലും താനാണെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതായി അല്‍ജൗഫ് പോലീസ് പറഞ്ഞു.