Sorry, you need to enable JavaScript to visit this website.

ഇ.പി.  ജയരാജന്‍ ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്റെന്ന് എംഎം ഹസ്സന്‍

ആലപ്പുഴ-എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കുകയാണെന്നും ജയരാജന്റെ ഇടപെടലുകള്‍ സംശയാസ്പദവും ദുരൂഹവുമാണെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസ്സന്‍. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു ഹസ്സന്‍. കോണ്‍ഗ്രസ്സില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേയ്ക്ക് പോകുമെന്നുള്ള പ്രചരണത്തിന് പിന്നില്‍ സിപിഎം ആണ്. യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ ആരും തന്നെ മറ്റൊരു പാര്‍ട്ടിയിലേയ്ക്ക് പോകില്ലെന്നും എംഎം ഹസ്സന്‍ പറഞ്ഞു. ഹരിപ്പാട്ട് രമേശ് ചെന്നിത്തലയും കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷും മുന്‍കൈ എടുത്ത് ദേശീയപാതയില്‍ ആകാശപാത നിര്‍മ്മിച്ചപ്പോള്‍ കായംകുളത്ത് എഎംആരിഫ് പാതാള പാതയാണ് ജനത്തിന് സമ്മാനിച്ചത്. ഇതിനെല്ലാം ജനങ്ങള്‍ മറുപടി നല്‍കും. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ആശങ്ക സൃഷ്ടിയ്ക്കുന്ന നിലപാടും നയങ്ങളുമാണ് മോദി സര്‍ക്കാരിന്റേത്. രാജ്യത്തെ മതേതരത്വത്തെ തകര്‍ത്ത് ഒരു മതരാഷ്ട്രമുണ്ടാക്കുകയാണ് മോദി ലക്ഷ്യമിടുന്നത്. ഇതിനെ ചെറുത്ത് തോല്‍പ്പിയ്ക്കാനാണ് ലോക്‌സഭയിലേയ്ക്ക് കെസി വേണുഗോപാല്‍ മത്സരിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയുടെ വികസനത്തില്‍ കെസി വഹിച്ച പങ്ക് ചെറുതല്ലെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യാ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന മോദിയെ പരാജയപ്പെടുത്താനാണ് താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതെന്ന് കെസി പറഞ്ഞു. താനിപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടം കാണുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ മുഖത്താണെന്നും അവര്‍ ആഗ്രഹിച്ചതരത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ല ഇവിടെ ഭരിയ്ക്കുന്നതെന്നും കെസി പറഞ്ഞു. മന്ത്രി മന്ദിരങ്ങളില്‍ സ്വിമ്മിംഗ് പൂളുകളും ജിമ്മും മറ്റ് ധൂര്‍ത്തും നടത്തി, സാധാരണക്കാര്‍ക്ക് പെന്‍ഷന്‍പോലും നിഷേധിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും കെ.സി. പറഞ്ഞു.. കായംകുളം നിയോജകമണ്ഡലം ചെയര്‍മാന്‍ എ. ഇര്‍ഷാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Latest News