Sorry, you need to enable JavaScript to visit this website.

സിദ്ധാര്‍ഥന്റെ മരണം: ആറ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ പോലീസ് കോടതിക്കു പുറത്തേക്ക് കൊണ്ടുവരുന്നു.

കല്‍പറ്റ-പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റിലുള്ള 20 പ്രതികളില്‍ ആറു പേരെ  പോലീസ് കസ്റ്റഡിയില്‍ വാങ്ങി. സിദ്ധാര്‍ഥനെ മര്‍ദിക്കുന്നതിനും മാനസികമായി പീഡിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയതായി കരുതുന്ന സിന്‍ജോ ജോണ്‍സണ്‍, അമീന്‍ അക്ബറലി, ആദിത്യന്‍, ആര്‍.എസ്.കാശിനാഥന്‍, ഡാനിഷ്, സൗദ് റിസാല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി ടി.എന്‍.സജീവന്റെ അപേക്ഷയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നേരത്തേ പ്രതികളില്‍ ആറു പേരെ മൂന്നു ദിവസം കസ്റ്റഡിയില്‍ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.


സിദ്ധാര്‍ഥനെ മര്‍ദിക്കാന്‍ ഉപയോഗിച്ച സാമഗ്രികളുടെ കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ  പോലീസ് വിശദമായി  ചോദ്യം ചെയ്യും. കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിനു മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് പദ്ധതി. കേസ് രണ്ടാഴ്ചയ്ക്കുള്ളില്‍ സി.ബി.ഐ എറ്റെടുക്കുമെന്നാണ് സൂചന. ദിവസങ്ങള്‍ മുമ്പ് സിദ്ധാര്‍ഥന്റെ പിതാവ്  മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനു പിന്നാലെയാണ്  കേസില്‍ സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിറങ്ങിയത്.


പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന, കൊലപാതക സാധ്യത പരിശോധിക്കാനുള്ള സെലോഫൈന്‍ ടെസ്റ്റ് എന്നിവയിലേക്കും പോലീസ് വൈകാതെ കടക്കും.  ഫോണുകളുടെ ഫോറന്‍സിക് പരിശോധനയ്ക്കും സെലോഫൈന്‍ ടെസ്റ്റിനും പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സിദ്ധാര്‍ഥന്റെ ശരീരം തൂങ്ങിനിന്നിരുന്ന വസ്ത്രമാണ്  സെലോഫൈന്‍ ടെസ്റ്റിന് വിധേയമാക്കുക. ഇതുവഴി കെട്ടിത്തൂക്കിയതാണോ സ്വയം തൂങ്ങിയതാണോ എന്ന് കണ്ടെത്താനാകും. സിദ്ധാര്‍ഥന്റെ ദേഹം തൂങ്ങിനിന്നിരുന്ന വസ്ത്രം പോസ്റ്റുമോര്‍ട്ടം വേളയില്‍ പോലീസ് ഹാജരാക്കിയിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.


സിദ്ധാര്‍ഥനെ നിരന്തര പീഡനത്തിനൊടുവില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് പിതാവ് അടക്കമുള്ളവര്‍.  മര്‍ദന ദൃശ്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് പ്രതികളുടെ ഫോണുകള്‍ പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ 18ന് ഉച്ചകഴിഞ്ഞാണ് സിദ്ധാര്‍ഥനെ പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ ബാത്ത്‌റൂമില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. കഴുത്തിലെ കുരുക്ക് ഒഴിവാക്കി ഇറക്കിയപ്പോള്‍ സിദ്ധാര്‍ഥന്റെ ശരീരം മരവിച്ച അവസ്ഥയിലായിരുന്നുവെന്ന് ഹോസ്റ്റല്‍ ജീവനക്കാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Latest News