Sorry, you need to enable JavaScript to visit this website.

വടകരയിൽ നിന്നാൽ മുരളീധരൻ ജയിച്ചേനെയെന്ന് പത്മജ, തൃശൂരിൽ മുരളിയെ കാലുവാരാൻ ഒരുപാടുപേരുണ്ടെന്നും പത്മജ

തൃശൂർ  -  വടകരയിൽ മത്സരിച്ചിരുന്നുവെങ്കിൽ കെ.മുരളീധരൻ ജയിച്ചേനെയെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ മുരളിയെ കാലുവാരാൻ ഒരുപാടു പേരുണ്ടെന്നും പത്മജ തൃശൂരിൽ പറഞ്ഞു. ബിജെപിയിലേക്ക് മാറിയ ശേഷം ആദ്യമായി തൃശൂരിലെത്തിയ പത്മജ പൂങ്കുന്നം മുരളീമന്ദിരത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
എന്തിനാണ് മുരളിയെ തൃശൂരിൽ കൊണ്ടിട്ടതെന്ന് മനസിലാകുന്നില്ല. മുരളി തൃശൂരിൽ തോൽക്കുമെന്ന് താൻ പറയുന്നില്ല. പക്ഷേ സുരേഷ്ഗോപി ഇവിടെ ജയിക്കും. പാർട്ടി പറഞ്ഞാൽ സുരേഷ്ഗോപിക്കു വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും പത്മജ പറഞ്ഞു.
ബിജെപി വർഗീയ പാർട്ടിയാണെന്ന് തോന്നിയിട്ടില്ലെന്നും ബിജെപിയിലേക്ക് വൈകാതെ സഹോദരനടക്കം പലരും വരുമെന്നും പത്മജ പറഞ്ഞു.
കോണ്‍ഗ്രസുകാർ അച്ഛനെ ഒരുപാട് വിഷമിപ്പിച്ചു. കുറച്ചുകുടി കഴിഞ്ഞിരുന്നെങ്കിൽ അച്ഛനും പാർട്ടി മാറുമായിരുന്നു. തന്നോട് കെ.സുധാകരൻ മാത്രമാണ് അൽപമെങ്കിലും ആത്മാർത്ഥതയോടെ പെരുമാറിയത്. മുരളിമന്ദിരം അച്ഛൻ എനിക്കു തന്ന വീടാണ്. എന്നാൽ എനിക്കും മുരളിയേട്ടനും പകുതി പകുതി അവകാശമുണ്ട് - പത്മജ പറഞ്ഞു.
മുരളിമന്ദിരം  ബിജെപിക്കാർക്കുവേണ്ടി തുറന്നുകൊടുക്കുമോ എന്ന ചോദ്യത്തിന് മുരളിമന്ദിരത്തിൽ ആർക്കും വരാമെന്നായിരുന്നു പത്മജയുടെ മറുപടി. പതിനേഴുകൊല്ലം മുരളി കരുണാകരനെ തിരിഞ്ഞുനോക്കിയില്ലെന്നു താനാണ് നോക്കിയതെന്നും പത്മജ ഓർമിപ്പിച്ചു. അമ്മക്കെതിരെയുണ്ടായ പരാമർശങ്ങളിൽ മുരളി പ്രതികരിച്ചില്ലെന്നത് വിഷമിപ്പിച്ചു.
കോണ്‍ഗ്രസിൽ തന്നെ നേതാക്കളാണ് കാലുവാരിയതെന്നും പ്രവർത്തകർ ഒപ്പമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ പ്രവർത്തകർക്ക് തന്‍റെ വിഷമങ്ങളറിയില്ലായിരുന്നു.
ജനത്തിനു വേണ്ടിയാണ് പ്രവർത്തിക്കുക. തന്‍റെ പ്രവൃത്തി കാലം തെളിയിക്കും. സൈബർ പ്രതികരണങ്ങൾക്ക് മറുപടിയില്ല. കോണ്‍ഗ്രസ് പാർട്ടി വേണ്ടെന്നും ചതിയൻമാർക്കൊപ്പം നിൽക്കാൻ വയ്യെന്നും തോന്നിയിട്ട് കാലമേറെയായി. അച്ഛൻ വളർത്തിക്കൊണ്ടുവന്ന നേതാക്കളാണ് എല്ലാം ചെയ്തതെന്നും കൂട്ടംകൂടി അവർ തന്നെ തോൽപ്പിക്കുകയായിരുന്നുവെന്നും പത്മജ കുറ്റപ്പെടുത്തി.

Latest News