Sorry, you need to enable JavaScript to visit this website.

ആരിഫിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ പോലീസ്

കാസര്‍കോട് - മിയാപ്പദവിലെ ആരിഫിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്തിനുവേണ്ടിയെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ പൊലീസ് കുഴങ്ങുന്നു.  ഫെബ്രുവരി മൂന്നിന്  രാത്രി എട്ടുമണിയോടെയാണ് 22 കാരനായ  ആരിഫിനെ  ഒമ്പതംഗ സംഘം കുഞ്ചത്തൂര്‍ ഭാഗത്ത് കൊണ്ടു പോയി അതിക്രൂരമായി തല്ലിക്കൊന്നത്.തിങ്കളാഴ്ച ഉച്ചയോടെ തളര്‍ന്ന് വീണ ആരിഫ് മംഗളൂരു ആസ്പത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ശരീരത്തിന്റെ പകുതി ഭാഗം അടിയേറ്റ് ചതഞ്ഞ നിലയിലായിരുന്നു. പരേതനായ അബ്ദുല്ലയുടെയും ആമീനയുടെയും മക്കളില്‍ മകനായി ആരിഫ് മാത്രമാണുണ്ടായിരുന്നത്.  മാസങ്ങള്‍ക്ക് മുമ്പാണ് പിതാവ് മരിച്ചത്. ചെറ്റക്കുടിലില്‍ താമസിക്കുന്ന  കുടുബം പിതാവ് മരിച്ചതോടെ ദുരിതത്തിലാണ് ജീവിതം മുന്നോട്ട് നീക്കുന്നത്.ആരിഫിന് ഒരു പൊലീസ് സ്റ്റേഷനിലും  കേസുകളില്ലെന്ന് പൊലീസ് പറയുന്നു.ചില സമയങ്ങളില്‍ പരാക്രമം കാട്ടുന്നത് കാരണം ഒരു മത സംഘടനയുടെ കീഴില്‍ താമസിച്ചിരുന്നു. അതിന് ശേഷം ആരുമായി അധികം  കൂട്ടുകൂടാറില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അറസ്റ്റിലായ പ്രതികളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍  ബുദ്ധി നന്നാകാന്‍ വേണ്ടിയാണ് തല്ലിയതെന്നാണ് പറഞ്ഞത്. ഇത്  പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല. ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയതിന്  പിന്നില്‍  വെറെ എതെങ്കിലും സംഭവമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇനി പിടികിട്ടാനുള്ള പ്രതികളെ പിടികൂടിയാല്‍  കൊലപാതകകാരണം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. അസ്റ്റിലായ മൂന്നുപ്രതികളെ പ്രതികളെ കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി  ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.


ആരിഫിന് മര്‍ദ്ദനമേറ്റത് മൂന്ന് സ്ഥലങ്ങളില്‍ വെച്ച് കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിച്ചു

കാസര്‍കോട് : ആരിഫ് സ്‌കൂട്ടറില്‍ നിന്ന് ചാടിയ വിവരം പൊലീസിനോട് പറഞ്ഞത് കേസ് അട്ടിമറിക്കാന്‍ വേണ്ടിയെന്ന്  പ്രതികള്‍. ആരിഫിനെ മൂന്ന് സ്ഥലത്ത് കൊണ്ടു പോയി മര്‍ദ്ദിച്ചതായി  അറസ്റ്റിലായ പ്രതികള്‍ സമ്മതിച്ചു.   ഞായറാഴ്ച  വൈകിട്ടോടെയാണ് ആരിഫിനെ മഞ്ചേശ്വരം പൊലീസ് മിയാപ്പദവ് ഭാഗത്ത് നിന്ന് കസ്റ്റഡിലെടുത്തത്. പിന്നീട് രാത്രി എട്ടുമണിയോടെ ഒന്നാം പ്രതിയും സഹോദരി ഭര്‍ത്താവുമായ റഷീദിന്റെയും മറ്റാരു ബന്ധുവിന്റെയും  കൂടെ വിട്ടയക്കുകയായിരുന്നു. മൂന്ന് പേര്‍ സ്റ്റേഷനില്‍ നിന്ന് സ്‌കൂട്ടറില്‍ പുറപ്പെട്ടതിന് ശേഷം നേരെ പോയത് കുഞ്ചത്തൂരിലേക്കാണ് . അവിടെയുണ്ടായിരുന്ന ഏഴ് പേര്‍ ചേര്‍ന്ന് ആരിഫിനെ വടിയും മറ്റും  കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു . താഴെ വീണ ആരിഫിനെ ഒമ്പത്  പ്രതികള്‍ ചേര്‍ന്ന് മാറി മാറി തലങ്ങും വിലങ്ങും ചവിട്ടകയും ചെയ്തു. ബഹളം കേട്ട് ആളുകള്‍   വരുമെന്ന ഭയം വന്നപ്പോള്‍ അവിടെ നിന്ന് ഒമ്പത് പ്രതികള്‍ ചേര്‍ന്ന് സമീപത്തെ മണല്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി അവിടെയും മര്‍ദ്ദനം തുടരുകയായിരുന്നു. ബോധം കെട്ട് വീണ ആരിഫിനെ ഒന്നാം പ്രതിയുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് കുളിപ്പിച്ചതിന് ശേഷം പുറത്ത് വന്നപ്പോള്‍ പ്രതികള്‍ വീണ്ടും മര്‍ദ്ദിച്ചു.പ്രതികളില്‍ ചിലര്‍  ഇനി  അടിക്കരുതെന്നും അടിച്ചാല്‍ മരിക്കുമെന്നും  പറഞ്ഞപ്പോള്‍ രാത്രി 12 മണിയോടെ  ആരിഫിനെ വീട്ടിലേക്കെത്തിക്കുകയായിരുന്നു.    അബോധാവസ്ഥയിലായിരുന്ന  മകനെ ആസ്പ്രതിയില്‍ കൊണ്ടു പോകാന്‍ ഉമ്മ പ്രതികളോട്  ആവശ്യപ്പെട്ടപ്പോള്‍  ചില കാരണങ്ങള്‍ പറഞ്ഞ്  വീട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു.തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ തളര്‍ന്ന് വീണ ആരിഫിനെ മംഗളൂരു   ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.   ഡോക്ടര്‍മാരും ബന്ധുക്കളും  മൃതദേഹം പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ ശരീരത്തിന്റെ പകുതി ഭാഗം അടിയേറ്റ് ചതഞ്ഞ നിലയില്‍ കണ്ടെത്തിയത്.  ആസ്പത്രിയിലെ ഡോക്ടര്‍മാരോടും ബന്ധുക്കളോടും കൂടെ പോയ പ്രതികള്‍ പറഞ്ഞത് പൊലീസ് മര്‍ദ്ദിച്ചുവെന്നാണ്.  മയ്യത്ത് ആസ്പത്രിയില്‍ നിന്ന് തിരിക്കിട്ട് കൊണ്ടുപോയി കബറടക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയത് ബന്ധുക്കളില്‍  സംശയത്തിനിടയാക്കി. പൊലീസ് എത്തി മൃതദേഹം മംഗല്‍പാടി ആസ്പത്രി  മോര്‍ച്ചറിയിലേക്ക് മാറ്റി.  ഒന്നാം പ്രതിയെ  കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞത്  സ്‌കൂട്ടര്‍ പകുതിക്ക് എത്തിയപ്പോള്‍ ആരിഫ് സ്‌കൂട്ടറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്നും  ഞങ്ങള്‍ രണ്ട് പേര്‍ ചേര്‍ന്ന് പിടികൂടുന്നതിനിടെ ഒരു സംഘം ആള്‍ക്കാര്‍ വന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് പ്രതികള്‍ ആരിഫിനെ മൂന്നിടത്തു കൊണ്ടുപോയി മര്‍ദ്ദിിച്ചതായി പൊലീസിന് വിവരം ലഭിച്ചത്. ആരിഫിനെ മര്‍ദ്ദിച്ച പ്രതികളില്‍ ചിലര്‍ മയക്കുമരുന്ന്   ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.

 

Latest News