Sorry, you need to enable JavaScript to visit this website.

പേര് ദേശീയപാത, കടന്നുപോകുന്നത് തുറമുഖ നഗരത്തെ തൊടാതെ

പൊന്നാനി - ദേശീയപാതയുടെ നിർമ്മാണ ജോലികൾ ജാഗ്രതയോടെ മുന്നേറുമ്പോൾ പൊന്നാനിക്കാർക്ക് പരിഭവം. കാരണം മറ്റൊന്നുമല്ല, ദേശീയപാത കടന്നുപോകുന്നത് തുറമുഖ നഗരമായ പൊന്നാനിയോട് ഒരു ബന്ധവുമില്ലാത്തതിനാൽ. കുറ്റിപ്പുറം പാലത്തിനടുത്ത് നിന്ന് തുടങ്ങുന്ന പാത അവസാനിക്കുന്ന തൃശ്ശൂർ ജില്ലയുടെ ബോർഡർ വരെ പൊന്നാനിയോട് ദേശീയപാതക്ക് ഒരു ബന്ധവുമില്ല. ആറുവരി പാത കടന്നുപോകുന്നതിൽ ചമ്രവട്ടം ജംഗ്ഷൻ കഴിഞ്ഞാൽ പിന്നെ പൊന്നാനി എന്ന് പറയാൻ ദേശീയപാതക്ക് ഒരു അർഹതയുമില്ല. പൊന്നാനി തുറമുഖവും അനുബന്ധ വികസനങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് ദേശീയപാത മറ്റൊരു വഴിക്ക് കടന്നു പോകുന്നത്. ഹൗറ മോഡൽ പാലവും തുറമുഖത്ത് വരാനിരിക്കുകയാണ്. തുറമുഖത്തെ കർമ്മ റോഡുമായി ബന്ധിപ്പിക്കുന്ന കോടികൾ ചിലവിട്ട പാലം മാസങ്ങൾക്ക് മുമ്പാണ് ഉദ്ഘാടനം കഴിഞ്ഞത്. ഇതൊക്കെയാണെങ്കിലും തുറമുഖ നഗരത്തോട് അയിത്തം കാട്ടിയാണ് ദേശീയപാത കടന്നുപോകുന്നത്. തുറമുഖ പ്രദേശത്തെ ഉൾപ്പെടുത്തിയായിരുന്നു ദേശീയപാത എങ്കിൽ വാണിജ്യ , വ്യവസായ മേഖലയിൽ അത് വലിയ തരത്തിൽ ഗുണകരമായി മാറുമെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പക്ഷേ സർവ്വേ നടപടികളെല്ലാം പൂർത്തിയായപ്പോഴാണ് പാതയെ പറ്റി ചിത്രം വ്യക്തമായതെന്നാണ് പി നന്ദകുമാർ എം.എൽ.എ പറയുന്നത്. ദേശീയപാത അതോറിറ്റി ഇതേപ്പറ്റി ഒരു തരത്തിലുള്ള വ്യക്തതയും വരുത്തിയില്ലെന്നും എം.എൽ.എ പറയുന്നു. കുറ്റിപ്പുറത്തുനിന്ന് നേരെ ദേശീയപാത പൊന്നാനി വഴിയെന്ന് വാക്കിൽ അല്ലാതെ ഒരുതരത്തിലും പൊന്നാനിയുമായി ബന്ധപ്പെടുന്നില്ല. പുതുപൊന്നാനി, വെളിയംകോട് എല്ലാം തന്നെ തീരദേശ മേഖലയാണെങ്കിലും അതിനോട് ഒരു ബന്ധവും പുലർത്താത്ത ദേശീയപാതയെ പറ്റി പൊന്നാനിക്കാർക്ക് പരാതി മാത്രമാണ് പറയാനുള്ളത്. ചമ്രവട്ടം ജംഗ്ഷനിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിൻറെ പണി കഴിയുന്നതോടെ ഇന്നുള്ള ദീർഘദൂര യാത്രക്കാരുടെ പൊന്നാനി ബന്ധം പൂർണമായും അവസാനിക്കും.

Latest News