Sorry, you need to enable JavaScript to visit this website.

സിദ്ധാർത്ഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ ആസൂത്രിത നീക്കം -കെ.എസ്.യു

കണ്ണൂർ - സിദ്ധാർത്ഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ തുടക്കം മുതൽ ആസൂത്രിത നീക്കം നടക്കുന്നുവെന്നും രേഖകളിൽ ഉൾപ്പെടെയുള്ള പൊരുത്തക്കേടുകൾ  ഇതിന് തെളിവാണെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ് ഷമ്മാസ്. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷമ്മാസ്.
മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി ഗഗാറിൻ, ഡി.വൈ.എഫ്.ഐ ജില്ല നേതാവും കാമ്പസ് ജീവനക്കാരനുമായ രമേശൻ എന്നിവരാണ് കേസ് അട്ടിമറിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഷമ്മാസ് പറഞ്ഞു.     
പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ കൊലപാതവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അട്ടിമറി നടന്നു. അട്ടിമറി സംഭവങ്ങൾക്ക് പിന്നിൽ ദൃശ്യം സിനിമയുടെ തിരക്കഥയെ വെല്ലുന്ന തിരക്കഥയാണ്.
സംഭവം നടന്ന ദിവസം വൈത്തിരി പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ എഫ്ഐആർ നമ്പർ 77/2024 ൽ തന്നെ അട്ടിമറി നീക്കത്തിനുള്ള തെളിവുകളുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്തുകൊണ്ടുള്ള എഫ്ഐആറിൽ 'ടിയാൻ ഏതോ മാനസിക വിഷമത്താൽ സ്വയം കെട്ടിത്തൂങ്ങി മരണപ്പെട്ടു' എന്ന് രേഖപ്പെടുത്തിയതിൽ തന്നെ ദുരൂഹതയുണ്ട്. അതുപോലെതന്നെ എഫ്ഐആറിൽ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം നടന്നത് 12:30നും 1:45 നും ഇടയിലാണെന്ന് വ്യക്തമാണ്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ട് വൈകിട്ട് 4:29നാണ് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത് എന്ന  എഫ്.ഐ.ആറിലെ വിവരവും കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്.  പോലീസ് രേഖകൾ പ്രകാരം വിവരം ലഭിച്ചു എന്ന് പറയുന്ന സമയത്തിനുള്ളിൽ മൃതദേഹം വൈത്തിരി ആശുപത്രിയിൽ നിന്നും ബത്തേരിയിലേക്ക് മാറ്റിയിട്ടുമുണ്ട്.
ഇതിനിടയിൽ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ ഉദ്ദേശം 3.30 ന് ക്യാമ്പസ് ഡീനിനേയും മറ്റു വിദ്യാർത്ഥികളെയും വൈത്തിരി പോലീസ് സ്റ്റേഷനിൽ വച്ച് കാണുകയും ചെയ്തിട്ടുണ്ട്.
 ആ സമയത്താണ് സംഭവം സിദ്ധാർത്ഥന്റെ വീട്ടിൽ അറിഞ്ഞു എന്ന് ആംബുലൻസ് ഡ്രൈവറിൽ നിന്നും ഡീനിന് മനസ്സിലാവുന്നത്.
അതുപോലെതന്നെ ആത്മഹത്യയാണെന്ന മുൻവിധിയോട് കൂടിയുള്ള സമീപനമാണ് തുടക്കം മുതൽ ക്യാമ്പസ് ഡീൻ എം.കെ നാരായണൻ സ്വീകരിച്ചത്. കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കിക്കൊണ്ട് ഫെബ്രുവരി 22 ന് ഡീൻ പുറത്തിറക്കിയ ഉത്തരവിലും ബോധപൂർവ്വം തന്നെ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതാണ് എന്ന് രേഖപ്പെടുത്തിയതും ദുരൂഹത വർധിപ്പിക്കുന്നു.
ഫെബ്രുവരി 24ന് ശേഷമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും പുറത്ത് വന്നത് എന്നതും ഇവിടെ പ്രസക്തമാണ്.- ഷമ്മാസ് പറഞ്ഞു.
അത് പോലെ തന്നെ ആത്മഹത്യ ചെയ്ത നിലയിലുള്ള സിദ്ധാർത്ഥന്റെ ചിത്രവും ചില സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിവെക്കുന്നതാണ്. എസ്എഫ്ഐ നേതാക്കളായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ തന്നെ പറയുന്നതനുസരിച്ച് വിവസ്ത്രനാക്കി മർദ്ദിച്ചു എന്ന് വ്യക്തമാണ്. അതേ രീതിയിൽ വിവസത്രനായി തന്നെയാണ് സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയതും.ഇവിടെ  മൃതദേഹം കണ്ട ടോയ്‌ലറ്റും സിദ്ധാർത്ഥന്റെ മുറിയും തമ്മിൽ സാമാന്യം അകലം ഉണ്ടായിരിക്കെ വിവസ്ത്രനായി സിദ്ധാർത്ഥൻ നടന്നുവന്ന് ആത്മഹത്യ ചെയ്തു എന്നതും വിശ്വസനീയമല്ല. പ്രത്യേകിച്ചും രണ്ട് ദിവസങ്ങളായി നിരന്തരം മർദ്ദനങ്ങൾ ഏറ്റ് അവശ നിലയിലുള്ള ഒരാൾ.
അത് പോലെ തന്നെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫെബ്രുവരി 22ന് അനുശോചന യോഗം എന്ന പേരിൽ നടന്ന മുൻകരുതൽ യോഗത്തിലെ ഡീനിന്റെ പ്രസംഗവും ഞെട്ടിക്കുന്നതും ദുരൂഹതകൾ നിറഞ്ഞതും സംഭവത്തിൽ ഡീൻ ഉൾപ്പടെയുള്ളവരുടെ പങ്ക് വെളിവാക്കുന്നതുമാണ്. ശേഷം വേറെ മാർഗം ഇല്ല. പോലീസിനെ അറിയിച്ചു പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചു. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുത്.
എല്ലാ കാര്യവും പോലീസ് നിരീക്ഷണത്തിലാണ് സംഭവിച്ചത്. ഒരു പ്രത്യേക കേസ് ആണ്.
അതുകൊണ്ട് ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകരുത്. നടന്നത് എന്താണെന്ന് ആരും ഒന്നും ഷെയർ ചെയ്യരുത്" ഇതിൽ നിന്നൊക്കെ എന്താണ് മനസ്സിലാക്കേണ്ടതെന്നും ഡീൻ എം.കെ നാരായണനേയും ഇതിനെല്ലാം കൂടെയുണ്ടായിരുന്ന  അസിസ്റ്റന്റ് വാർഡൻ കാന്ത നാഥനേയും അടിയന്തരമായി കേസിൽ പ്രതിചേർക്കണം. - ഷമ്മാസ് ആവശ്യപ്പെട്ടു.
തെളിവുകൾ നശിപ്പിക്കുന്നതിന് മുൻപ് കാര്യക്ഷമമായ അന്വേഷണം വേണമെന്നും സി.പി.എം ഉന്നത നേതാക്കളുടെ കേസിലെ ഇടപെടലുകളും സംശയാസ്പദമാണെന്നും  മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

Latest News