Sorry, you need to enable JavaScript to visit this website.

സ്ഥാനാര്‍ഥിയാക്കാത്തത് ബി.ജെ.പിക്ക് വലിയ നഷ്ടം വരുത്തുമെന്ന് പി.സി ജോര്‍ജ്

കോട്ടയം- കേരളത്തില്‍ ബി.ജെ.പിക്ക് ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയാകുമെന്ന് പി.സി ജോര്‍ജ്. പത്തനംതിട്ടയില്‍ തന്നെ സ്ഥാനാര്‍ഥിയാകാത്തത് ബിജെപിക്ക് പ്രതിസന്ധിയാകും. താന്‍ സ്ഥാനാര്‍ഥിയായാല്‍ കേരളത്തിലുടനീളം ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ ബിജെപി പ്രവേശനം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ബിജെപിയിലേക്ക് ഒരു ഒഴുക്കുണ്ടാക്കാന്‍ സാധിച്ചിരുന്നു. അത് വേറെയൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. പത്തനംതിട്ട പാര്‍ലമെന്റ് സീറ്റില്‍ പി.സി.ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് അവരെല്ലാവരും വിചാരിച്ചിരുന്നത്. കാസയുള്‍പ്പടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ മുഴുവനും കൂടാതെ ബിഷപ്പുമാരും എന്നെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനം എടുത്തിരുന്നു. അതെല്ലാം തകിടംമറിഞ്ഞു. അത് എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതല്ല. എനിക്ക് അനുകൂലമായി എന്‍എസ്എസും ശക്തമായ നിലപാട് എടുത്തു. അതിനും ഇപ്പോള്‍ വലിയ മാറ്റംവരാം. പത്തനംതിട്ട മാത്രമല്ല, കേരളത്തിലുടനീളം ഈ പ്രശ്‌നംവരാം. പത്തനംതിട്ടയില്‍ എനിക്ക് ഓടിനടന്ന് പരിഹരിക്കാമായിരുന്നു. കേരളംമുഴുവന്‍ ഈ പ്രശ്‌നം വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. വരട്ടെ, വരുംപോലെ കാണാം- ജോര്‍ജ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അനില്‍ ആന്റണി തന്റെ ഒപ്പം ഇരുന്നിട്ടും സ്ഥാനാര്‍ഥിയാകുന്ന കാര്യം തന്നോട് പറഞ്ഞില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

'കേരളവുമായി ബന്ധമില്ലാത്ത ആളാണ് അനില്‍ ആന്റണി. ബന്ധമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെങ്കിലും എ.കെ.ആന്റണിയുടെ മകനാണ്. എ.കെ.ആന്റണിയുടെ മകന്‍ എന്ന നിലയില്‍ നമുക്കൊരു ബന്ധമായി. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞാനും അനില്‍ ആന്റണിയും അടുത്തടുത്താണ് ഇരുന്നത്. ഞങ്ങള്‍ സംസാരിച്ചിരുന്നു. പക്ഷേ അന്നൊന്നും സ്ഥാനാര്‍ഥിയാകുമെന്ന് അനില്‍ ആന്റണി പറഞ്ഞില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു സ്ഥലമായത് കൊണ്ടാണല്ലോ പത്തനംതിട്ടയിലേക്ക് വന്നത്. അദ്ദേഹം ആവശ്യപ്പെട്ടിട്ടാണല്ലോ പത്തനംതിട്ട കൊടുത്തതും. തിരഞ്ഞെടുപ്പ് വരട്ടെ, ജയിപ്പാക്കാനുള്ള പരമാധി ശ്രമം നടത്താം എന്നേ എനിക്ക് പറയാനുള്ളൂ- പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

 

Latest News