നാഗ്പൂർ-ഇന്ത്യയിൽ നിങ്ങൾക്ക് എവിടെ തിരിഞ്ഞാലും ഒരു പുതുമ കാണാനാകും. ഒരു ലളിതമായ ചായ തയാറാക്കുന്നതിൽ പോലും- ഈ തലവാചകത്തോടെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച പോസ്റ്റ് ഇതേവരെ കണ്ടത് അഞ്ചു മില്യൺ ആളുകൾ. സോഷ്യൽ മീഡിയയിലെ വൈറൽ ചായക്കാരൻ ഡോളി ചായവാലയ്ക്കൊപ്പമുള്ള വീഡിയോയാണ് നെറ്റിസൺസിന്റെ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഒരു ചായ നൽകുമോ എന്ന് ബിൽഗേറ്റ്സിന്റെ ചോദ്യത്തോടെ ആരംഭിക്കുന്ന വീഡിയോ ഇതോടകം വൈറലായി.
നഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിന് മുന്നിലെ റോഡ് സൈഡിലെ ചായ വിൽപ്പനക്കാരനാണ് ഡോളി ചായവാല. സൂപ്പർ സ്റ്റാർ രജനികാന്തിനെ അനുകരിച്ചാണ് ഇയാൾ ചായ ഉണ്ടാക്കിയിരുന്നത്. ചായയിൽ പാൽ ഒഴിക്കുന്നതു മുതൽ ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്നതും കൊടുക്കുന്നതും വരെ വ്യത്യസ്ത ശൈലിയിലാണ്. ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന ഡോളിയെ തേടിയാണ് ബിൽ ഗേറ്റ്സ് തന്നെ എത്തിയത്.
ബിൽഗേറ്റ്സിന്റെ വീഡിയോക്ക് താഴെ നിരവധി പേർ കമന്റുമായി എത്തി. ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ എന്നാണ് ഡോളിയെ ചിലർ വിശേഷിപ്പിച്ചത്.