Sorry, you need to enable JavaScript to visit this website.

നീണ്ട കാത്തിരിപ്പിനൊടുവില്‍ തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ച് കരിങ്കല്‍ തുരങ്കം

കൊല്ലം - നീണ്ട കാത്തിരിപ്പിനൊടുവില്‍ തമിഴ്‌നാടിനെയും കേരളത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ട അതിര്‍ത്തിയിലെ 896 മീറ്റര്‍ നീളമുള്ള കരിങ്കല്‍ തുരങ്കം കടന്ന് വൈദ്യുതി എന്‍ജിന്‍ കേരളത്തില്‍ എത്തി. പോയ ആഴ്ചകളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടന്ന അതിസങ്കീര്‍ണമായ നടപടിക്രമങ്ങള്‍ക്ക് ഒടുവിലാണ് പശ്ചിമഘട്ടത്തിലെ വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തീകരിച്ച് കൊല്ലം - ചെന്നൈ സമ്പൂര്‍ണ വൈദ്യുതീകരണ പാതയെന്ന ചരിത്ര നേട്ടത്തോടെ ചെങ്കോട്ട-പുനലൂര്‍ പാതയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി എന്‍ജിന്‍ ഓടിയത്.
പ്രിന്‍സിപ്പല്‍ ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എ.കെ. സിദ്ധാര്‍ഥയുടെ അന്തിമ പരിശോധനക്ക് ശേഷം പാത ഉടന്‍ കമ്മിഷന്‍ ചെയ്യും.ചെങ്കോട്ട- ഭഗവതിപുരം പാതയിലും പുനലൂര്‍-ഇടമണ്‍ പാതയിലും നേരത്തെ വൈദ്യുതി എന്‍ജിന്‍ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ചെങ്കോട്ട റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ പാതയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് പരിശോധനയും വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ തമ്മിലുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.
മധുര റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എം.എസ്.റോഹന്‍, തിരുനെല്‍വേലി ട്രാക്ഷന്‍ ഡിസ്ട്രിബ്യുഷന്‍ അസിസ്റ്റന്റ് ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജയകുമാര്‍, മധുര റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ നാരായണന്‍, പുനലൂര്‍ ട്രാക്ഷന്‍ ഡിസ്ട്രിബ്യുഷന്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷണ ഓട്ടവും അനുബന്ധ നടപടികളും നടന്നത്. ട്രയല്‍ റണ്ണിനു മുന്നോടിയായി ഭഗവതിപുരം-ഇടമണ്‍ പാതയില്‍ ദക്ഷിണ റെയില്‍വേ ചീഫ് ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ എന്‍ജിനീയര്‍ (സിഇഡിഇ) കെ.സുന്ദരേശന്റെയും ദക്ഷിണ റെയില്‍വേ ചീഫ് പ്രോജക്ട് ഡയറക്ടര്‍ സമീര്‍ ഡിഗ്ഗേയുടെയും നേതൃത്വത്തില്‍ ടവര്‍ കാറില്‍ 34 കിലോമീറ്റര്‍ പരിശോധന നടത്തിയിരുന്നു. കോണ്‍ക്രീറ്റ് കവചം തീര്‍ത്ത് (ജാക്കറ്റിങ്) നടത്തിയ പാലങ്ങളുടെ തൂണിന്റെ വശങ്ങളില്‍ ലോഹ നിര്‍മിത പോസ്റ്റുകള്‍ സ്ഥാപിച്ച് പോസ്റ്റ് സ്ഥാപിക്കലും വൈദ്യുതീകരണവും അനിശ്ചിതാവസ്ഥയിലായിരുന്ന ഭാഗങ്ങളില്‍ വയറിങ്ങും മറ്റ് ജോലികളും കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു.

 

Latest News