Sorry, you need to enable JavaScript to visit this website.

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും, പേര് നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം-  ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികളില്‍ മലയാളി ഉണ്ടാകുമെന്ന് സൂചന. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായ നാല് ബഹിരാകാശ സഞ്ചാരികളുടെ പേര് നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും. തിരുവനന്തപുരം വി.എസ്.എസ്.സിയില്‍ വച്ചാണ് പ്രഖ്യാപനം. ഇന്ത്യന്‍ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരെയാണ് ഗഗന്‍യാന്‍ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

2020 ല്‍ ടെസ്റ്റ് പൈലറ്റുമാരെ തെരഞ്ഞെടുക്കുകയും റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. കോവിഡ് മഹാമാരി വന്നത് കൊണ്ട് പരിശീലനത്തിന് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. 2021 ലാണ് പൈലറ്റുമാര്‍ പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. ഇപ്പോള്‍ ഐ.എസ്.ആര്‍.ഒയുടെ പ്രത്യേക കേന്ദ്രങ്ങളില്‍ പരിശീലനം തുടരുകയാണ്. ഇതിനിടയിലാണ് ഇവരുടെ പേരുകള്‍ പുറത്ത് വിടാം എന്ന തീരുമാനം ആയത്.
2025 ലാണ് ഗഗന്‍യാന്‍ വിക്ഷേപിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം.

 

Latest News