കാബൂൾ- അഫ്ഗാനിലെ താലിബാൻ സംഘത്തിലെ ഏറ്റവും വലിയ ഭീകരസംഘടനായി കണക്കാക്കുന്ന ഹഖാനിയുടെ സ്ഥാപക നേതാവ് ജലാലുദ്ദീൻ ഹഖാനി മരിച്ചു. 1970-കളിലാണ് ജലാലുദ്ദീൻ ഹഖാനി ഗ്രൂപ്പ് സ്ഥാപിച്ചത്. അസുഖത്തെ തുടർന്ന് ഏതാനും വർഷം മുമ്പ് മകൻ സിറാജുദ്ദീനെ ഹഖാനി സംഘത്തിന്റെ തലവനാക്കി. അഫ്ഗാൻ താലിബാന്റെ ഡപ്യൂട്ടി കമാന്ററാണ് നിലവിൽ സിറാജുദ്ദീൻ. ജലാലുദ്ദീൻ ഹഖാനിയുടെ തലക്ക് അഞ്ച് മില്യൺ ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നത്. ഹഖാനി മരിച്ചുവെന്ന വിവരം താലിബാൻ പുറത്തുവിട്ടെങ്കിലും എവിടെ വെച്ചാണ് മരിച്ചതെന്നതടക്കമുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജലാലുദ്ദീൻ ഹഖാനിയുടെ മരണം താലിബാനിൽ ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാക്കില്ലെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് റഡ്മാനിഷ് പറഞ്ഞു.
80-കളിൽ അഫ്ഗാനിൽനിന്ന് റഷ്യൻ സൈന്യത്തെ തുരത്തുന്നതിന് വേണ്ടി അമേരിക്കക്ക് വേണ്ടി ഒളിപ്പോര് നടത്തിയ സംഘത്തെ നയിച്ചത് ജലാലുദ്ദീൻ ഹഖാനിയായിരുന്നു. പിന്നീട് ഇയാൾ താലിബാനായി മാറി അമേരിക്കക്കെതിരായ പോർമുഖത്തെത്തി. 2001-ൽ താലിബാനെ പുറത്താക്കിയ ശേഷമായിരുന്നു ഇത്. അഫ്ഗാനിൽ ചാവേർ ബോംബ് സ്‌ഫോടനങ്ങൾ തുടങ്ങിയതിന്റെ സൂത്രധാരൻ ജലാലുദ്ദീൻ ഹഖാനിയായിരുന്നു. ഇത്തരം രീതി അഫ്ഗാനിൽ നേരത്തെ ഉണ്ടായിരുന്നില്ല. ഒരേസമയം, അഫ്ഗാൻ, അമേരിക്കൻ സൈന്യത്തിനെതിരെ ഇയാൾ ശക്തമായ ആക്രമണങ്ങൾ നടത്തി. അതുപോലെ സാധാരണക്കാരെ ബോംബ് വെച്ച് കൊല്ലുന്നതിനും വി.ഐ.പികളെ തട്ടിക്കൊണ്ടുപോകുന്നതും തുടക്കം കുറിച്ചു. കഴിഞ്ഞവർഷം കാബൂളിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ച് 150 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രാധാരർ ഹഖാനി ഗ്രൂപ്പായിരുന്നു. ഹഖാനി കൊല്ലപ്പെട്ടതായി നേരത്തെ വിവിധ സമയങ്ങളിൽ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും പിന്നീടും പൊതുമധ്യത്തിൽ ഇയാളെ കണ്ടിരുന്നു. അതേസമയം, ജലാലുദ്ദീൻ ഹഖാനി മൂന്നുവർഷം മുമ്പ് തന്നെ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് അഫ്ഗാൻ ഭരണകൂടം കരുതുന്നത്.