Sorry, you need to enable JavaScript to visit this website.

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഈ കണക്ക് കൂടി നോക്കണം, മിക്കവരും ഇത് ശ്രദ്ധിക്കാറില്ല, ഒടുവില്‍ വലിയ നഷ്ടത്തില്‍ ചെന്ന് ചാടും

കോഴിക്കോട് - മികച്ച ലാഭം നേടിത്തരുന്ന നിക്ഷേപമാണ് സ്വര്‍ണ്ണം. താല്‍ക്കാലിക ഇടിവുകള്‍ സംഭവിക്കാറുണ്ടങ്കിലും സ്വര്‍ണ്ണത്തിന് വില കൂടിയ ചരിത്രം മാത്രമേ ഉള്ളൂ. ബാങ്കിലെ സ്ഥിര നിക്ഷേപത്തേക്കാള്‍ അധികം ലാഭം സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നതിലൂടെ ലഭിക്കാറുണ്ട്. മാത്രമല്ല കൈയ്യിലുള്ള സ്വര്‍ണ്ണം അന്നന്നത്തെ മാര്‍ക്കറ്റ് വിലക്കനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പണമാക്കി മാറ്റുകയും ചെയ്യാം. അതുകൊണ്ട് തന്നെ സ്വര്‍ണ്ണം മെറ്റല്‍ കറന്‍സിയായി അറിയപ്പെടുന്നുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം സ്വര്‍ണ്ണം എന്നത് ഏറ്റവും മികച്ചൊരു നിക്ഷേപ മാര്‍ഗം മാത്രമല്ല, അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. വിവാഹത്തിനും ജന്മദിന ആഘോഷത്തിനും കുഞ്ഞു പിറക്കുമ്പോഴും തുടങ്ങി  ഏത് ആഘോഷങ്ങള്‍ക്കും സ്വര്‍ണ്ണം സമ്മാനമായി നല്‍കുകയെന്നത് മലയാളികളുടെ ശീലമായി മാറിയിരിക്കുന്നു. പരസ്പരമുള്ള സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കാനുള്ള ഉപാധി കൂടിയാണ് സ്വര്‍ണ്ണം.
ഇതൊക്കെയാണെങ്കിലും സ്ഥിരമായി വിലകൂടിക്കൊണ്ടിരിക്കുന്ന ലോഹമെന്ന നിലയില്‍ വില്‍ക്കുമ്പോള്‍ ലാഭം കിട്ടുന്നതിനു കൂടി വേണ്ടിയാണ് നമ്മള്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത്. ഏത് സമയവും പണമാക്കി മാറ്റാവുന്ന, കറന്‍സിയുടെ മൂല്യ ഇടിവുകള്‍ കാര്യമായി ബാധിക്കാത്ത ഏറ്റവും മികച്ച നിക്ഷേപമാണത്. എന്നാല്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ചില കണക്കൂകൂട്ടലുകള്‍ നടത്തിയില്ലെങ്കില്‍ അത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ദീര്‍ഘകാലം സൂക്ഷിച്ചാല്‍ പോലും മുടക്കിയ പണം തിരിച്ചു കിട്ടാത്ത അവസ്ഥയുണ്ടാകും. മിക്കവര്‍ക്കും ഇത് സംഭവിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ലെന്ന് മാത്രം,

എങ്ങനെയാണ് സ്വര്‍ണ്ണം നഷ്ടം വരുത്തുന്നത്

സ്വര്‍ണ്ണം ലാഭം തരുന്ന ഒരു നിക്ഷേപ മാര്‍ഗമായിട്ടും അത് എങ്ങനെയാണ് ചിലപ്പോള്‍ നഷ്ടത്തിന് കാരണമാകുന്നതെന്ന് പരിശോധിക്കാം. നമ്മള്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ വരുത്തുന്ന പിഴവുകളാണ് സ്വര്‍ണ്ണത്തെ നഷ്ടക്കച്ചവടമാക്കി മാറ്റുന്നത്. എന്നാല്‍ സ്വര്‍ണ്ണത്തിന് എക്കാലവും വില ഉയരുമെന്ന് ഉറപ്പുള്ളതിനാല്‍ അതിനെക്കുറിച്ചൊന്നും ആരും ചിന്തിക്കാറില്ല. ഫലത്തില്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിച്ചാല്‍ പോലും ഒരു അടിയന്തര ആവശ്യത്തിന് വില്‍ക്കുമ്പോള്‍ വാങ്ങിയ വില പോലും കിട്ടണമെന്നില്ല.

സ്വര്‍ണ്ണത്തെ ഒരു നിക്ഷേപ മാര്‍ഗമായി കരുതുന്നവരും വില കയറുന്നതിന് അനുസരിച്ച് ലാഭം കണക്കൂ കൂട്ടുന്നവരും സാധാരണയായി സ്വര്‍ണ്ണ നാണയങ്ങളും ബാറുകളും ഒക്കെ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. അങ്ങനെ ചെയ്യുമ്പോള്‍ വാങ്ങിയതിനേക്കാള്‍ എത്ര രൂപയാണോ വര്‍ധിച്ചത് ആ പണം വില്‍ക്കുമ്പോള്‍ കൃത്യമായി ലഭിക്കും. ഇന്ത്യയില്‍ ഏറ്റവംു കൂടുതല്‍ സ്വര്‍ണ്ണം കൈവശം വെയ്ക്കുന്നതും വാങ്ങുന്നതും പഴയ സ്വര്‍ണ്ണം വില്‍ക്കുന്നതുമൊക്കെ മലയാളികളാണ്. കേരളത്തിലെ വീടുകളില്‍ 20 ലക്ഷം കോടിയിലധികം രൂപയുടെ സ്വര്‍ണ്ണമുണ്ടെന്നാണ് കണക്ക്. മാത്രമല്ല ദേശീയ ശരാശരിയുടെ 27 ശതമാനത്തിലധികം സ്വര്‍ണ്ണമാണ് കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിയുന്നത്. ഇത്  60,000 കിലോഗ്രാമിനടുത്ത് വരും. സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ആളുകളില്‍ ഭൂരിഭാഗവും സ്വര്‍ണ്ണ നാണയങ്ങളും സ്വര്‍ണ്ണ ബാറുകളുമൊക്കെയാണ് വാങ്ങുന്നത്. എന്നാല്‍ സ്വര്‍ണ്ണം ആഭരണങ്ങളാക്കി അണിഞ്ഞു നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി സ്ത്രീകളില്‍ ഒട്ടു മിക്കവരും. അതുകൊണ്ട് തന്നെ നിക്ഷേപത്തിനായാല്‍ പോലും സ്വര്‍ണ്ണം ആഭരണങ്ങളായാണ് മലയാളികളില്‍ മിക്കവരും വാങ്ങി സൂക്ഷിക്കുന്നത്. ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നത് പലപ്പോഴും വലിയ നഷ്ടമാണുണ്ടാക്കുന്നത്. വില്‍ക്കുമ്പോള്‍ ലാഭം പോകട്ടെ വാങ്ങിയ അതേ നിരക്കെങ്കിലും കിട്ടണമെങ്കില്‍ പലപ്പോഴും ദീര്‍ഘ കാലം കാത്തിരിക്കേണ്ടി വന്നേയക്കാം.

വില്ലനാകുന്നത് പണിക്കൂലി

സ്വര്‍ണ്ണം ആഭരണങ്ങളായി വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്ന പണിക്കൂലിയാണ് വലിയ വില്ലനാകുന്നത്. സ്വര്‍ണ്ണം ജ്വല്ലറിയില്‍ പോയി വാങ്ങുന്വോള്‍ പണിക്കൂലി നല്‍കണം. എന്നാല്‍ പിന്നീട് വില്‍ക്കുമ്പോള്‍ പണിക്കൂലി ഒഴികെ സ്വര്‍ണ്ണത്തിന്റെ അന്നത്തെ വിപണി നിരക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അത് വലിയ നഷ്ടമാണുണ്ടാക്കുക. ഏറ്റവും കുറഞ്ഞത് മൂന്ന് ശതമാനത്തില്‍ തുടങ്ങുന്ന പണിക്കൂലി വിവിധ ഡിസൈനുകള്‍ക്കനുസരിച്ച് 25 ശതമാനം വരെ ഉയരാം. 30 ശതമാനം വരെ പണിക്കൂലിയുള്ള സങ്കീര്‍ണ്ണമായ ഡിസൈനുകളിലുള്ള ആന്റിക് ആഭരണങ്ങള്‍ വരെയുണ്ട്. കേരളത്തില്‍ സ്വര്‍ണ്ണാഭരണം വാങ്ങുന്നവര്‍ ശരാശരി ഏഴ് ശതമാനം മുതല്‍ 12 ശതമാനം വരെ പണിക്കൂലി നല്‍കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. 

എങ്ങനെയാണ് പണിക്കൂലി കണക്കാക്കുന്നത്

രണ്ട് തരത്തിലാണ് സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലി കണക്കാക്കുന്നത്. ഒട്ടു മികളും ജ്വല്ലറികളും സ്വര്‍ണ്ണത്തിന്റെ ആകെ തുകയുടെ നിശ്ചിത ശതമാനം  പണിക്കൂലിയായി ഈടാക്കുകയാണ് ചെയ്യുന്നത്. ചില ജ്വല്ലറികള്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ഇത്ര ശതമാനം പണിക്കൂലി എന്ന് കണക്കാക്കും. രണ്ടായാലും ഫലം ഒന്നു തന്നെ. എങ്ങനെയാണ് സ്വര്‍ണ്ണം ആഭരണമായി വാങ്ങുമ്പോള്‍ നഷ്ടം സംഭവിക്കുന്നതെന്ന് ഉദാഹരണ സഹിതം നോക്കാം. ഒരു പവന്‍ സ്വര്‍ണ്ണത്തിന്, അതായത് എട്ടു ഗ്രാം സ്വര്‍ണ്ണത്തിന്  ഇന്നലെ ( 2024 ഫെബ്രുവരി 20 ന്) കേരളത്തില്‍ 45,800 രൂപയാണ് വില. എട്ടു ശതമാനം പണിക്കൂലി നല്‍കേണ്ടി വരുന്ന ഒരാള്‍ 3664 രൂപ കൂടി നല്‍കേണ്ടി വരുന്നു. ഇതിന് പുറമെ മൂന്ന് ശതമാനം ജി എസ് ടി കൂടിയാകുമ്പോള്‍ 1374 രൂപ ഇതിനോട് ചേര്‍ത്ത് നല്‍കണം. ചുരുക്കത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണം ആഭരണമായി വാങ്ങുമ്പോള്‍ 50,838 രൂപ നല്‍കേണ്ടി വരും. 


വാങ്ങുമ്പോള്‍ പണിക്കൂലിയായി നല്‍കിയ 3664 രൂപ സ്വര്‍ണ്ണാഭരണം വില്‍ക്കുമ്പോള്‍ കിട്ടില്ല. സ്വര്‍ണ്ണത്തിന്റെ തൂക്കത്തിനനുസരിച്ചുള്ള നിരക്ക് മാത്രമേ കിട്ടൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ പണിക്കൂലി അടക്കമുള്ള തുക വില്‍ക്കുമ്പോള്‍  ഈടാക്കി കിട്ടണമെങ്കില്‍ സ്വര്‍ണ്ണ വില പവന് 49,464 രൂപയെങ്കിലും എത്തണം. വലിയ തോതില്‍ വില വര്‍ധിച്ചില്ലെങ്കില്‍ ഈ വിലയിലെത്താന്‍ ചിലപ്പോള്‍ മൂന്നോ നാലോ വര്‍ഷമൊക്കെ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി പവന് ശരാശരി 6000 രൂപ പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ധന എല്ലാ കാലത്തും തുടരണമെന്നില്ല. സ്വര്‍ണ്ണ വിലയുടെ ചരിത്രമെടുത്താല്‍ മിക്ക വര്‍ഷങ്ങളിലും ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിലാണ് സ്വര്‍ണ്ണ വില വര്‍ധിച്ചത്. പണിക്കൂലി വര്‍ധിക്കുന്നതനുസരിച്ച് സ്വര്‍ണ്ണ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നു. 20 ശതമാനം പണിക്കൂലിയുള്ള ആഭരണമാണ് എടുക്കുന്നതെങ്കില്‍ സ്വര്‍ണ്ണ വിലയേക്കാള്‍ 9160 രൂപ പവന് അധികം നല്‍കണം. ഇത് മുതലാക്കിയെടുക്കണമെങ്കില്‍ ചിലപ്പോള്‍ നല്ല കാത്തിരിപ്പ് തന്നെ വേണ്ടി വരും. വിവാഹത്തിനും മറ്റും കൂടുതല്‍ സ്വര്‍ണ്ണം എടുക്കുന്നവരൊക്കെ ആഭരണങ്ങളുടെ മൊത്തം വിലയ്ക്കനുസരിച്ച് ലക്ഷക്കണിക്കിന് രൂപയാണ് പണിക്കൂലി നല്‍കേണ്ടി വരുന്നത്. 

മുത്തുകളും കല്ലുകളും ഉള്ള ആഭരണങ്ങളാണെങ്കില്‍ പണം പോകുന്നത് അറിയില്ല

മലയാളി സ്ത്രീകള്‍ക്ക്  പലപ്പോഴും ഇഷ്ടം വിവിധ തരത്തിലുള്ള കല്ലുകളും മുത്തുകളും ഒക്കെ അടങ്ങിയ വൈവിധ്യമാര്‍ന്ന ട്രെന്‍ഡിംഗ് ആഭരണങ്ങളാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. ഡയമണ്ടുകള്‍ ഒഴികെയുള്ള കല്ലുകള്‍ക്ക് സാധാരണ ഗതിയില്‍ വലിയ വില ഉണ്ടാകില്ല. എന്നാല്‍ ആഭരണങ്ങളില്‍ ഭംഗി കൂട്ടുന്ന ഇത്തരം കല്ലുകള്‍ക്ക് ആഭരണം വാങ്ങുമ്പോള്‍ വലിയ തുകയാണ് ജ്വല്ലറി ഉടമകള്‍ ഇടാക്കുക. ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ഗ്രാം സ്വര്‍ണ്ണത്തിന്റെ തൂക്കത്തിന് അനുസരിച്ചുള്ള പണം വരെ കല്ലുകള്‍ക്ക് ജ്വല്ലറി ഉടമകള്‍ ഈടാക്കിയേക്കും. അതായത് കല്ലുകള്‍ക്ക് മാത്രം ചിലപ്പോള്‍ അയ്യായിരവും അതിനപ്പുറവുമൊക്കെ ചെലവ് വന്നേക്കാം. മാത്രമല്ല കല്ലുകള്‍ ഉപയോഗിച്ചുള്ള ആഭരണങ്ങളുടെ പണിക്കൂലിയും ഉയര്‍ന്ന തോതിലായിരിക്കും. ആഭരണം വില്‍ക്കുമ്പോള്‍ കല്ലുകള്‍ക്ക് ഒരു നയാ പൈസ പോലും കിട്ടിയെന്ന് വരില്ല. ചില ജ്വല്ലറികള്‍ തുച്ഛമായ തുക നല്‍കാന്‍ തയ്യാറായാല്‍ അത് ഭാഗ്യമെന്ന് കരുതിയാല്‍ മതി. സ്വര്‍ണ്ണാഭരണം വാങ്ങുമ്പോള്‍ അതിലുള്ള കല്ലുകളെക്കുറിച്ച് സെയില്‍സ്മാന്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ പിന്നീട് ആഭരണം അതേ ജ്വല്ലറിയില്‍ കൊണ്ട് പോയി വിറ്റാലും കല്ലുകള്‍ക്ക് ഉദ്ദേശിച്ച വില കിട്ടണമെന്നില്ല.

ജ്വല്ലറി ഉടമകളുടെ ലാഭം പണിക്കൂലിയാണ്

സ്വര്‍ണ്ണ നാണയവും ഗോള്‍ഡ് ബാറുകളും ഒക്കെ വില്‍ക്കുന്നത് കൊണ്ട് ജ്വല്ലറി ഉടമകള്‍ക്ക് വലിയ ലാഭം കിട്ടില്ല. കാരണം സ്വര്‍ണ്ണത്തിന് ജ്വല്ലറികള്‍ അത് വാങ്ങുന്ന നിരക്കിനേക്കാള്‍ ചെറിയ തുക മാത്രമേ വില്‍ക്കുമ്പോള്‍ അധികം ഈടാക്കാന്‍ പറ്റു. മാത്രമല്ല ഇന്ന് ഒരു നിശ്ചിത വിലയില്‍ വാങ്ങിവെയ്ക്കുന്ന സ്വര്‍ണ്ണം നാളെ ചിലപ്പോള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടിയും വന്നേയ്ക്കാം. ജ്വല്ലറികളുടെ ലാഭം മുഴുവന്‍ കിടക്കുന്നത് പണിക്കൂലിയിലാണ്. ഇപ്പോള്‍ സ്വര്‍ണ്ണപ്പണിക്കാരെ ഉപയോഗിച്ച് കൈകൊണ്ട് നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ വളരെ കുറച്ചേ ഉള്ളൂ. ബാക്കി മിക്കവയും മെഷീനിലാണ് നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ ചെലവില്‍ വിവിധ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും അത് ഉയര്‍ന്ന പണിക്കൂലി ഈടാക്കി വില്‍ക്കുകയും ചെയ്യാം. അതേ പോലെയാണ് വിവിധ കല്ലുകളുടെയും മുത്തുകളുടെയുമൊക്കെ കാര്യം. പലപ്പോഴും ചെറിയ വിലയ്ക്ക് ജ്വല്ലറിക്കാര്‍ ഇത്തരം കല്ലുകള്‍ മൊത്തമായി വാങ്ങും. അത് ആഭരണങ്ങളിലേക്ക് ചേര്‍ക്കുമ്പോള്‍ ഉയര്‍ന്ന തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

നഷ്ടം വരാതെ എങ്ങനെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാം

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നഷ്ടം വരാതെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാം. പണിക്കൂലി കുറഞ്ഞ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. ആഭരണങ്ങളുടെ ഡിസൈനിംഗ് വര്‍ക്കുകള്‍ കൂടുന്നതനുസരിച്ചാണ് പണിക്കൂലിയും കൂടുന്നത്. ആര്‍ക്കും ഇഷ്ടപ്പെടുന്ന  സിമ്പിള്‍ ഡിസൈനംിഗിലുള്ള വളരെ മനോഹരമായ ആഭരണങ്ങള്‍ ജ്വല്ലറികളില്‍ ധാരാളമുണ്ടാകും. അത്തരം ആഭരണങ്ങള്‍ വാങ്ങുകയാണ് ഉചിതം. ഏറ്റവും പുതിയ ഫാഷന്‍ ഡിസൈനിംഗിലുള്ള ആഭരണങ്ങള്‍ വേണമെന്നുള്ളവര്‍ കുറഞ്ഞ തൂക്കത്തിലുള്ള ആഭരണങ്ങള്‍ വാങ്ങുക. കാരണം സ്വര്‍ണ്ണ വിലയ്ക്ക് അനുസരിച്ച് നിശ്ചിത ശതമാനമാണ് പണിക്കൂലിയായി നല്‍കേണ്ടി വരിക. ആഭരണങ്ങളില്‍ കല്ലുകളുടെയും മുത്തുകളുടെയും എണ്ണം പരമാവധി കുറയ്ക്കുക. അഥവാ കല്ലുകള്‍ കൂടുതലുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഏതെല്ലാം കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സ്വര്‍ണ്ണം പിന്നീട് വില്‍ക്കുമ്പോള്‍ കല്ലുകള്‍ക്ക് എത്ര വില ലഭിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും ഇക്കാര്യം  ഉറപ്പ് വരുത്തുകയും വേണം. സ്വര്‍ണ്ണം വാങ്ങുന്ന ജ്വല്ലറികള്‍ ബൈബാക്ക് ഗ്യാരന്റി നല്‍കുന്നുണ്ടെന്നും ഉറപ്പാക്കണം. സ്വര്‍ണ്ണാഭരണങ്ങള്‍ കേവലം പ്രദര്‍ശന വസ്തു മാത്രമല്ലെന്നും അത് നല്ല ലാഭം ഉണ്ടാക്കിത്തരേണ്ട ഒരു നിക്ഷേപമാണെന്ന കാര്യം കൂടി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓര്‍മ്മയില്‍ വെയ്ക്കുക.

Latest News