Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും, ജനകീയ പ്രതിഷേധം രൂക്ഷം

കല്‍പറ്റ- വയനാട് എം.പി. രാഹുല്‍ ഗാന്ധി, ശനിയാഴ്ച വൈകിട്ട് മണ്ഡലത്തിലെത്തും. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. നിലവില്‍ ഭാരത് ജോഡോ ന്യായ് യാത്രയിലാണ് രാഹുല്‍. വാരണാസിയില്‍നിന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ശേഷം ഞായറാഴ്ച പ്രയാഗ് രാജില്‍ നടക്കുന്ന ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരികെ പോകും. വയനാട്ടിലെ ജനങ്ങള്‍ ഗുരുതര പ്രശ്‌നം നേരിടുമ്പോള്‍ മണ്ഡലത്തിലെ എം.പി എവിടെ എന്ന ചോദ്യങ്ങളും വിവിധ കോണില്‍നിന്ന് ഉയര്‍ന്നിരുന്നു.

മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അടിയന്തരമായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഭാര്യക്ക് ജോലി, കുട്ടിയുടെ പഠന ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ രേഖാമൂലമുള്ള മറുപടിയാണ് വേണ്ടത് എന്ന് പോളിന്റെ ബന്ധുക്കള്‍ പറഞ്ഞു.

50 ലക്ഷം രൂപയാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ മന്ത്രിസഭാ തീരുമാനമില്ലാതെ ഇത് സാധ്യമല്ല. അതുകൊണ്ട് സര്‍ക്കാരിലേക്ക് ഇത് ശുപാര്‍ശ ചെയ്യും. ഭാര്യക്ക് വനംവകുപ്പില്‍ താത്കാലിക ജോലി ഉടന്‍ നല്‍കും. സ്ഥിരം ജോലിക്കായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും തുടങ്ങിയ തീരുമാനങ്ങള്‍ വായിച്ചെങ്കിലും ജനം സ്വീകരിക്കാന്‍ തയാറായില്ല.

 

Latest News