Sorry, you need to enable JavaScript to visit this website.

വീണാ വിജയന്‍ കുടുക്കില്‍, മാസപ്പടി കേസില്‍ അന്വേഷണം തുടരാമെന്ന് കര്‍ണ്ണാടക ഹൈക്കോടതി

ബംഗളൂരു -  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ (എസ് എഫ് ഐ ഒ ) അന്വേഷണം തുടരാമെന്ന് കര്‍ണ്ണാടക ഹൈക്കോടതി . വീണയുടെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്.  എക്‌സാലോജിക് - സി എം ആര്‍ എല്‍ ഇടപാടുകളില്‍ എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. 
ഫെബ്രുവരി 12 ന് ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേമാണ് ഇന്ന് കോടതി വിധി പറഞ്ഞത്.  കമ്പനീസ് ലോ ചട്ടം 210 പ്രകാരം ആര്‍ഒസി അന്വേഷണം പ്രഖ്യാപിച്ചതിനോട് പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്ന് എക്‌സാലോജികിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ വാദിച്ചിരുന്നു.  എന്നിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തതയില്ലെന്നും ഇത് നിയമപരമല്ലെന്നും ദത്തര്‍ വാദിച്ചിരുന്നു. എന്നാല്‍, ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സി എം ആര്‍ എല്ലിന്റെ ഇടപാടുകളില്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതായി എസ് എഫ് ഐ ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കുളൂര്‍ അരവിന്ദ് കാമത്ത് വ്യക്തമാക്കിയിരുന്നു.
1.72 കോടി രൂപ വീണ വിജയന്റെ എക്‌സാലോജിക്കിന് ഒരു സേവനവും നല്‍കാതെ കൈമാറിയെന്നതിനും തെളിവുകളുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു. വിവിധ ഏജന്‍സികളുടെ അന്വേഷണ വലയിലുള്ള ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താന്‍ എസ് എഫ് ഐ ഒ പോലെ വിശാലാധികാരമുള്ള സംവിധാനം ആവശ്യമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉത്തരവെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചിരുന്നു. 

 

 

Latest News