Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് അക്കൗണ്ടുകളിൽ താത്കാലിക ആശ്വാസം; മരവിപ്പിച്ച അക്കൗണ്ടുകൾ പ്രവർത്തനക്ഷമമായി

ന്യൂഡൽഹി - ആദായ നികുതി വകുപ്പ് മരവിപ്പിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനക്ഷമമായി. ഇൻകം ടാക്‌സ് അപ്ലറ്റ് ട്രിബ്യൂണൽ അഥോറിറ്റിയായ ഡൽഹി ഐ.ടി.എ.ടിയിൽ കോൺഗ്രസ് അപ്പീൽ സമർപ്പിച്ചതിന് പിന്നാലെയാണ് അക്കൗണ്ടുകൾ പഴയ പടിയിലായത്.
 കോൺഗ്രസ് ട്രഷർ അജയ് മാക്കനാണ് പാർട്ടിയുടെ നാല് അക്കൗണ്ടുകൾ മരവിപ്പിച്ച കാര്യം ഇന്ന് രാവിലെ മാധ്യമങ്ങളെ അറിയിച്ചത്. 2018-19ലെ ഐ.ടി റിട്ടേൺ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്നു പറഞ്ഞാണ് നികുതി വകുപ്പിന്റെ നടപടിയെന്നും ഇത്ര ശക്തമായ നടപടി നേരിടാനുള്ള ഒരു തെറ്റും കോൺഗ്രസ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 ആദായനികുതി വകുപ്പിന്റെ നടപടിയിൽ രൂക്ഷ വിമർശമുന്നയിച്ച അദ്ദേഹം ജനാധിപത്യത്തെ തന്നെ മരവിപ്പിച്ചുവെന്നും കുറ്റപ്പെടുത്തയി. ഇപ്പോൾ ഞങ്ങൾക്ക് ചെലവഴിക്കാൻ പണമില്ല, ഇലക്ട്രിസിറ്റി ബില്ലുകൾ, ജീവനക്കാരുടെ ശമ്പളം, രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര, എല്ലാം നിശ്ചലമാവും. സമയവും സാഹചര്യവും നോക്കുമ്പോൾ എല്ലാം വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിലുള്ള ആദായ നികുതി വകുപ്പിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അജയ് മാക്കൻ വ്യക്തമാക്കിയിരുന്നു.
 ജനാധിപത്യത്തിന് നേരെയുള്ള വലിയ പ്രഹരമാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ഉണ്ടായതെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കളും പ്രതികരിച്ചിരുന്നു. സംഭവത്തിൽ വൻ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഉയർന്നത്. ഇതിന് പിന്നാലെയാണ് അക്കൗണ്ട് ഓക്കെയായതെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഡൽഹി ഐ.ടി.എ.ടിയാണ് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി റദ്ദാക്കിയത്.

Latest News