Sorry, you need to enable JavaScript to visit this website.

ഷെയ്ഖ് അന്‍സാരി അവാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്

കോഴിക്കോട്- ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ഷെയ്ഖ് അന്‍സാരി അവാര്‍ഡിന് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ അര്‍ഹമായി. സാമൂഹ്യനീതി, സാമുദായിക സൗഹാര്‍ദ്ദം, ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍, കേരളത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക വളര്‍ച്ച എന്നിവയ്ക്കായി ആത്മാര്‍ഥവും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകളും സ്ഥാപനങ്ങളുമാണ് പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെടുക. 

മുപ്പതു വര്‍ഷമായി പാലിയേറ്റീവ് കെയര്‍ രംഗത്ത് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ഗവേഷണത്തിലൂടെയും പരിചരണത്തിന്റെയും സന്നദ്ധപ്രവര്‍ത്തനത്തിന്റെയും സംവിധാനവും സംസ്‌കാരവും കേരളത്തില്‍ അവതരിപ്പിച്ചതാണ് രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ഈ അവാര്‍ഡിന് ഐ പി എമ്മിനെ അര്‍ഹരാക്കിയത്.

പ്രമുഖ പണ്ഡിതനും മനുഷ്യസ്‌നേഹിയും ഖത്തറിലെ മതകാര്യവകുപ്പിന്റെയും സാംസ്്കാരിക പുനരുഥാനവകുപ്പിന്റെയും ഡയറക്ടറും ആയിരുന്ന ഷെയ്ഖ് അബ്ദുല്ലാ ഇബ്രാഹിം അല്‍ അന്‍സാരി (1921- 1989) ദയാപുരത്തിന്റെ സംസ്ഥാപനത്തിനും നാല്പതു വര്‍ഷമായി തുടരുന്ന യാത്രയിലും പ്രചോദനമായ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഓര്‍മക്കായി 2009ല്‍ ദയാപുരം കൂട്ടായ്മ സ്ഥാപിച്ചതാണ് ഷെയ്ഖ് അന്‍സാരി അവാര്‍ഡ്.

ഡോ. എം. എം. ബഷീര്‍ ചെയര്‍മാനും സി. ടി അബ്ദുറഹിം സെക്രട്ടറിയും പി. പി ഹൈദര്‍ ഹാജി, അബ്ദുല്ല നന്മിണ്ട, ഡോ. എന്‍. പി ആഷ്ലി എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് കമ്മിറ്റിയാണ് ദയാപുരത്തുകാരായ അധ്യാപകര്‍, ജീവനക്കാര്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളില്‍നിന്ന് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലൂടെ  കോഴിക്കോട്ടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തിവരുന്ന പ്രര്‍ത്തനങ്ങള്‍ സമൂഹത്തെ എങ്ങനെ കൂടുതല്‍ ദയയും ശ്രദ്ധയും ഉള്ളതാക്കി മാറ്റാനും കഴിയുമെന്നതിന്റെ  ഫലപ്രദവും നീണ്ടുനില്‍ക്കുന്നതുമായ മാതൃകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെയും സേവന മനസ്‌കരായ ആളുകളുടെയും കൂട്ടായ്മയായ ഈ സ്ഥാപനത്തെ കൊണ്ടാടുന്നത് സമൂഹമെന്ന നിലയ്ക്ക് നമുക്ക് ചെയ്യാന്‍ കഴിയുന്ന സാധ്യതകളെ അടയാളപ്പെടുത്തല്‍ കൂടിയാണ്'- അവാര്‍ഡ് കമ്മിറ്റി നിരീക്ഷിച്ചു.

ഡോ. എം. എം. ബഷീര്‍, സി. ടി. അബ്ദുറഹീം, എന്‍. പി ആഷ്ലി, ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജ്യോതി പി, ദയാപുരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിമ്മി ജോണ്‍ വി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News