Sorry, you need to enable JavaScript to visit this website.

ആരാധനാലയ കയ്യേറ്റങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

വെൽഫെയർ പാർട്ടി ജില്ലാ ഉപാധ്യക്ഷൻ മധു കല്ലറ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം -അധികാര ദുർവിനിയോഗത്തിലൂടെ ബാബരി മസ്ജിദിന് പിറകെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്യാൻവാപി മസ്ജിദും നിരവധി ആരാധാലയങ്ങളും മദ്രസകളും സ്‌കൂളുകളും ഖബർസ്ഥാനുകളും കയ്യേറുകയും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന അധികാര ദുർവിനിയോഗ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വാമപനപുരം മണ്ഡലം കമ്മിറ്റി പാങ്ങോട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. 

ഫാസിസ്റ്റ് - കോർപ്പറേറ്റ് കൂട്ടുകെട്ട് അധികാര ദുർവിനിയോഗത്തിലൂടെ ഭീകരമായി രാജ്യം കൊള്ളയടിക്കുന്നതിനെതിരെ സ്വാഭാവികമായും ഉയർന്നു വരാവുന്ന പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ്, രാജ്യത്തെ മഹാ ന്യൂനപക്ഷ മുസ്‌ലിംകൾക്കെതിരെ നിരന്തരം നുണകളും വെറുപ്പും ഭീതിയും വംശീയതയും വിഭാഗീയതയും ധ്രുവീകരണവും ഉൽപ്പാദിപ്പിക്കുന്നതെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ലാ ഉപാധ്യക്ഷൻ മധു കല്ലറ അഭിപ്രായപ്പെട്ടു. മത ന്യൂനപക്ഷങ്ങൾക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുമെതിരെ സംഘപരിവാർ നടത്തുന്ന അധികാര ദുർവിനിയോഗവും കയ്യേറ്റങ്ങളും ഉടൻ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകിയ കോടതി വിധി വംശീയ രാഷ്ട്രീയ പ്രേരിതമാണെന്നും, 1947 ലെ സ്റ്റാറ്റസ്‌കോ നിലനിർത്തണമെന്ന 1991 ൽ പാർലമെന്റ് പാസ്സാക്കിയ ആരാധനാലയ നിയമത്തെ ലംഘിച്ചിരിക്കുകയാണെന്നും അതിനാൽ ഈ അന്യായ വിധി റദ്ദാക്കണം. എതിർ ശബ്ദങ്ങൾ അടിച്ചമർത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം രാജ്യദ്രോഹമാണെന്ന് പറഞ്ഞ അദ്ദേഹം ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്തു. 

നിരന്തരം കലാപങ്ങളും കുതന്ത്രങ്ങളും മെനയുന്നതും, ന്യൂനപക്ഷങ്ങളുടെ ഭക്ഷണത്തെ, വസ്ത്രത്തെ, ആചാരങ്ങളെ, വിശ്വാസത്തെ ഒക്കെയും കടന്നാക്രമിക്കുന്നതും അങ്ങേയറ്റം കുടിലമായ വിനാശ പ്രവർത്തികളാണെന്ന് തുടർന്ന് സംസാരിച്ച പഞ്ചായത്ത് പ്രസിഡന്റ് നാസർ ചല്ലിമുക്ക് അഭിപ്രായപ്പെട്ടു. മുഖ്യധാരാ രാഷ്ട്രീയ മീഡിയാ സാംസ്‌കാരിക സമുദായ നേതൃത്വങ്ങളോട് ഭീതിയും മൗനവും വിധേയത്വവും വെടിഞ്ഞ് ഉത്തരവാദിത്വം നിർവഹിക്കാൻ ധൈര്യം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കള്ളങ്ങൾ തിരുകി ചരിത്രം വികലമാക്കുന്നതും വിദ്യാഭ്യാസ, കോടതി, അന്വേഷണ ഏജൻസികളെ കാവിവത്ക്കരിക്കന്നതും എല്ലാ അതിരുകളും ഭേദിച്ച് അധികാരം ദുർവിനിയോഗം ചെയ്യുന്നതും വർഗീയ ഫാ,ിസമാണെന്ന് അഭിപ്രായപ്പെട്ട പഞ്ചായത്ത് സെക്രട്ടറി രജനീ രാജ് ഇത് തടയാൻ ജനാധിപത്യ വിശ്വാസികൾ ഒരുമിക്കണമെന്നും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കണമെന്നും രാജ്യത്തെ ഫാഷിസ്റ്റ് പിടിത്തത്തിൽനിന്നും രക്ഷിക്കാൻ ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു.

മണ്ഡലം ട്രഷറർ ഷെബീർ പാലോട്, ഷീബ, നസീർ മൗലവി, അഫ്‌സൽ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി . പ്രസിഡന്റ് എം.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് സ്വാഗതവും ഉപാധ്യക്ഷൻ മാഹീൻ ചുള്ളിമാനൂർ നന്ദിയും രേഖപ്പെടുത്തി.



 

Latest News