Sorry, you need to enable JavaScript to visit this website.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കി വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താന്‍ സി.പി.എം നീക്കം

തിരുവനന്തപുരം- മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കി വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താന്‍ നീക്കം. സംസ്ഥാന വിജിലന്‍സാണ് എസ്എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ലീന്‍ ചിറ്റ് നല്‍കിയത്. അതിനിടെ എസ് എന്‍ ഡി പി യോഗം നേതൃത്വം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായ പരസ്യ നിലപാട് എടുക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്. എസ്.എന്‍.ഡി.പി യോഗം  ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലെ കൂടിക്കാഴ്ചയാണ് ഈ ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പ് നടപടി ക്രമത്തിലാണ്. ഇതിനിടെ വലിയൊരു പ്രതിസന്ധി എസ് എന്‍ ഡി പി യോഗത്തിന് നേരിടേണ്ടി വന്നു. കമ്പനികാര്യ വകുപ്പിന്റെ 'ഡിന്‍ നമ്പര്‍' ആണ് ആ പ്രശ്‌നം. എസ് എന്‍ ഡി പി യോഗത്തിന് കമ്പനിയുടെ സ്വഭാവമായതിനാല്‍ അതിന്റെ തലപ്പത്തുള്ളവര്‍ക്കും ഡിന്‍ നമ്പര്‍ അനിവാര്യമാണ്. ഇതില്ലാതെ മത്സരിക്കാനാകില്ല. ഈ സാധ്യത എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്താന്‍ എതിര്‍ വിഭാഗം ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വെള്ളാപ്പള്ളിയുടെ തന്ത്രപരമായ നീക്കം. രാഷ്ട്രീയ പിന്തുണ ഈ കൂടിക്കാഴ്ചയില്‍ വെള്ളാപ്പള്ളി നല്‍കിയിട്ടുണ്ട്.കൊച്ചു മകളുടെ വിവാഹ സത്കാരത്തിന് ശേഷം മോഡിയെ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയും വെള്ളാപ്പള്ളി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് കേസില്‍ ക്ലീന്‍ ചിറ്റ് വാര്‍ത്ത പുറത്തു വരുന്നത്. ഇത് വെള്ളാപ്പള്ളിക്ക് വലിയൊരു അനുഗ്രഹമാണ്. മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ വി എസ് അച്യുതാനന്ദനാണ് ഹൈക്കോടതിയെ സമീപിച്ചത്. വെള്ളപ്പള്ളിക്കെതിരെ തെളിവുണ്ടെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആദ്യ ഘട്ടത്തിലറിയിച്ച വിജിലന്‍സാണ് ഇപ്പോള്‍ തെളിവില്ലെന്ന് കോടതിയെ അറിയിച്ചത്.
ബിഡിജെഎസ് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ വെള്ളാപ്പള്ളിക്കെതിരെ സിപിഎം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിനിടെയാണ് വെള്ളാപ്പള്ളിയെ കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയര്‍മാനായി മാറിയത്. ഇത് കേസുകള്‍ അട്ടിമറിക്കാനാണെന്ന് വാദമെത്തി. ഈ കേസ് തീരുമ്പോള്‍ വീണ്ടും ബിജെപി പക്ഷത്തേക്ക് വെള്ളാപ്പള്ളി മാറുമോ എന്നതും ശ്രദ്ധേയമാകും. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി വെള്ളാപ്പള്ളി പരസ്യ പ്രതികരണത്തിന് ഇറങ്ങിയിരുന്നു. ഇതേ മോഡലില്‍ വീണ്ടും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പ്രചരണത്തില്‍ നിറയും.
മൈക്രോ ഫിനാന്‍സ് അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളില്‍ നിന്നും പണം തിരികെ അടച്ചു വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും തലയൂരി. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി വിജിലന്‍സും പിന്നോട്ടുപോയി. അന്വേഷണം അവസാനിപ്പിച്ച നല്‍കിയ റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് വി.എസിന് തൃശൂര്‍ വിജിലന്‍സ് കോടതി നോട്ടീസ് നല്‍കി. മൈക്രോ ഫിന്‍ന്‍സ് നടത്തിപ്പിന്റെ കോഓഡിനേറ്ററായിരുന്നു മഹേശന്‍ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നില്‍ വെള്ളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോള്‍ െ്രെകം ബ്രാഞ്ച് അന്വേഷിക്കുകയാണ്.
എസ് എന്‍ ഡി പി യോഗം ഭാരവാഹിയായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലും ഏതാണ്ട് അനുകൂല നിലപാട് മോഡിയുമായുള്ള ചര്‍ച്ചയില്‍ വെള്ളാപ്പള്ളി എടുത്തിട്ടുണ്ട്. തുഷാറിന്റെ മകളുടെ വിവാഹം ഓഗസ്റ്റ് അവസാന ആഴ്ചയാണ് കൊച്ചിയില്‍ നടന്നത്. ഈ കല്യാണത്തിന്റെ സത്കാരം ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടത്തി. ഇത് പ്രധാനമന്ത്രി മോഡിയെ എത്തിക്കാന്‍ മാത്രമായിരുന്നു. തുഷാര്‍ നേരിട്ട് പോയി മോദിയെ വിളിച്ചു. കേരളത്തിലെ എസ് എന്‍ ഡി പി വോട്ട് ഈ തിരിഞ്ഞെടുപ്പില്‍ ബിജെപിക്ക് നിര്‍ണ്ണായകമാണ്. തൃശൂരില്‍ ബിജെപി ജയമാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ ഈഴവ സമുദായത്തിന് മതിയായ വോട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് തുഷാറിന്റെ മകളുടെ വിവാഹ സത്കാരത്തിന് മോഡി നേരിട്ടെത്തിയത്. ഇവിടെ ചര്‍ച്ചകളും നടന്നു.
എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പോ അതുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഒന്നും മോഡിയുമായി വിവാഹ സത്കാരത്തിനിടെ വെള്ളാപ്പള്ളി ചര്‍ച്ച നടത്തിയില്ല. എന്നാല്‍ എസ് എന്‍ ഡി പിയിലെ തിരഞ്ഞെടുപ്പ് പ്രതിസന്ധയില്‍ കേന്ദ്ര സഹായം വെള്ളാപ്പള്ളി കുടുംബത്തിന് അനിവാര്യതയാണ്. ഈ വിഷയം കോടതിയില്‍ എത്തിയാല്‍ കമ്പനി കാര്യ വകുപ്പിന്റെ നിലപാട് നിര്‍ണായകമാണ്. ഇതിനൊപ്പം കേരളാ സര്‍ക്കാരില്‍ നിന്നും മതിയായ പിന്തുണ ഈ വിഷയത്തില്‍ കിട്ടിയില്ലെന്ന പരിഭവവും വെള്ളാപ്പള്ളിക്കുണ്ട്. തുഷാറിന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായേ മതിയാകൂ താനും. അതുകൊണ്ട് തന്നെ ബിജെപിയെ പരസ്യമായി വിമര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളി. അതുകൊണ്ട് കൂടിയാണ് പ്രധാനമന്ത്രി മോഡിയുമായി അടുത്ത് പ്രതിസന്ധികളില്‍ ആശ്വാസം കണ്ടെത്താനുള്ള വെള്ളാപ്പള്ളിയുടെ നീക്കം. എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ഉറച്ച പിന്തുണ വെള്ളാപ്പള്ളിക്ക് പല വിവാദങ്ങളിലും നല്‍കിയിരുന്നു. ഇതോടെയാണ് ബിഡിജെഎസുമായി അകന്ന് ഇടതുപക്ഷ നയങ്ങള്‍ വെള്ളാപ്പള്ളി ഉയര്‍ത്തിക്കാട്ടിയത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതുണ്ടാകില്ല. ഇടതു വ്യതിയാനം വെള്ളാപ്പള്ളിയില്‍ തെളിയുമെന്നാണ് വിലയിരുത്തല്‍.
എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ടു റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് എസ്.എന്‍.ഡി.പി.സംരക്ഷണസമിതി ആവശ്യപ്പെട്ടിരുന്നു. ഡിന്‍ നമ്പര്‍ ഇല്ലാത്ത ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രഥമദൃഷ്ട്യാ അയോഗ്യരാണെന്ന ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആവശ്യം. വെള്ളാപ്പള്ളിക്ക് ഈ ഹൈക്കോടതി ഉത്തരവ് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ അയോഗ്യതാ ഭീഷണിയും സജീവം. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര സര്‍ക്കാരുമായി അടുക്കുന്നതിന് കൊച്ചുമകളുടെ വിവാഹത്തിന് ദല്‍ഹിയില്‍ സ്‌നേഹ വിരുന്ന് ഒരുക്കിയതെന്നാണ് സംരക്ഷണ സമിതിയുടെ സംശയം. ഇതിലെ പ്രശ്‌നങ്ങള്‍ അവര്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഉറപ്പാണ്.
ഓഗസ്റ്റിലാണ് കൊച്ചു മകളുടെ കല്യാണം നടന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോഡി നേരിട്ടെത്തിയതോടെയാണ് ദല്‍ഹി സത്കാരം ആലോചനയില്‍ എത്തുന്നത്. തുഷാറും ഭാര്യയും നേരിട്ട് പോയി മോഡിയെ ക്ഷണിച്ചു. സ്വകാര്യമായ ചടങ്ങ്. ഇവിടെ വളരെ സജീവമായി തന്നെ മോഡി നിറയുകയും കുടുംബത്തിന്റെ ക്ഷേമ കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനൊപ്പം താനുണ്ടാകുമെന്നും അയോധ്യ പ്രാണപ്രതിഷ്ഠയില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തതുമെല്ലാം വെള്ളാപ്പള്ളി നേരിട്ട് അറിയിക്കുകയും ചെയ്തു.

 

Latest News