Sorry, you need to enable JavaScript to visit this website.

ഗേറ്റ് അടച്ചാല്‍ കാത്ത് നില്‍ക്കാന്‍ സമയമില്ല, പാഞ്ഞ് കയറിയ ടിപ്പര്‍ ഓട്ടോയും റെയില്‍വെ ഗെയ്റ്റും തകര്‍ത്തു


തലശ്ശേരി-  റെയില്‍വെ ഗേറ്റടക്കുന്നതിനിടെ ധൃതിയില്‍ പുറത്തു കടക്കാനുള്ള ടിപ്പര്‍ ലോറി ഡ്രൈവറുടെ ശ്രമം പരക്കെ അപകടങ്ങള്‍ക്കിട നല്‍കി.  തലശ്ശേരിക്കടുത്ത് കൊടുവള്ളി റെയില്‍വേ ഗേറ്റിലാണ് അപകടങ്ങള്‍ ഉണ്ടായത്. ഓട്ടോയിലിടിച്ച ടിപ്പര്‍ ലോറി റെയില്‍വേ ഗേറ്റും തകര്‍ത്തു മുന്നോട്ട് പോകുകയായിരുന്നു.ഇതോടെ ഇത് വഴിയുള്ള വാഹനഗതാഗതം വഴിതിരിച്ച് വിട്ടു. വെള്ളിയാഴ്ച്ച രാവിലൈയായിരുന്നു അപകടം.   യശ്വന്ത്പൂര്‍ എക്സ്പ്രസ് കടത്തിവിടുന്നതിനിടെയായിരുന്നു സംഭവം. ട്രെയിന്‍ കടന്ന് പോകുന്നതിന്നായ് ഗേറ്റ് അടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ടിപ്പര്‍ലോറി ഓട്ടോറിക്ഷയില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് റെയില്‍വേ ഗേറ്റും തകര്‍ക്കുകയായിരുന്നു.

 പിന്നീട് ട്രെയിന്‍ കടന്നു പോയതിന് ശേഷം  ഗേറ്റ് തുറക്കാനായില്ല. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ബസുള്‍പ്പടെയുള്ള വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയത് ജനങ്ങളെ ദുരിത്തിലാഴ്ത്തി. ധര്‍മ്മടം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഗേറ്റിന്റെ തകറാര്‍ പരിഹരിക്കുന്നത് വരെ പിണറായി- മമ്പറം റൂട്ടിലേക്കുള്ള ഗതാഗതം മുടങ്ങി.  കൊടുവള്ളി റെയില്‍വേ ഗേറ്റ് അടിക്കടി വാഹനമിടിച്ച് തകരുന്നത് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. റെയില്‍വെ ഗേറ്റിന് നാശനഷ്ടം വരുത്തിയ ടിപ്പര്‍ ലോറി ആര്‍.പി.എഫ്. കസ്റ്റഡിയിലെടുത്തു. ടിപ്പര്‍ ഡ്രൈവര്‍ പിണറായിയിലെ അഖിലിനെതിരെ റെയില്‍വെ ആക്ട് 164 പ്രകാരം കേസെടുത്തു. റെയില്‍വെ ഇന്‍സ്പെക്ടര്‍ കെ.വി മനോജാണ് കേസ് അന്വേഷിക്കുന്നത്.

Latest News