Sorry, you need to enable JavaScript to visit this website.

പാർട്ടി നടത്തുന്ന പരിപാടിയിലേക്ക് ഗവർണർക്ക് ക്ഷണം, കോൺഗ്രസിൽ പൊട്ടിത്തെറി

എടപ്പാൾ - എ.ഐ.സി.സി അംഗവും മുൻ എം.എൽ.എയും ആയിരുന്ന കോൺഗ്രസ് നേതാവിന്റെ പേരിലുള്ള പുരസ്‌കാരം നൽകാൻ ഗവർണർ വരുന്നതിനെതിരെ പൊന്നാനി കോൺഗ്രസിൽ കടുത്ത പൊട്ടിത്തെറി. ഈ മാസം പത്തിന് എരമംഗലത്ത് നടക്കുന്ന പരിപാടിയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്നത്. എ.ഐ.സി.സി അംഗമായിരുന്ന അന്തരിച്ച പി.ടി . മോഹന കൃഷ്ണന്റെ പേരിലുള്ള പുരസ്‌കാരം ഗായകൻ എം. ജി .ശ്രീകുമാറിന് നൽകുന്നതിനാണ് ഗവർണർ എത്തുന്നത്. കോൺഗ്രസ് നടത്തുന്ന ഈ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതാണ് പൊന്നാനി നിയോജക മണ്ഡലത്തിലെ കോൺഗ്രസിനകത്ത് കടുത്ത ചേരിപ്പോര് രൂക്ഷമാക്കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി .ഡി സതീശനും, രമേശ് ചെന്നിത്തലയും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഗവർണർക്കെതിരെ കടുത്ത നിലപാടുമായി കോൺഗ്രസ് മുന്നോട്ടു പോകുമ്പോൾ കോൺഗ്രസ് തന്നെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഗവർണർ പങ്കെടുപ്പിക്കുന്നത് ഒട്ടും ശരിയായ നടപടി അല്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. 

അതേസമയം പരിപാടി യൂത്ത് കോൺഗ്രസ് ബഹിഷ്‌കരിക്കാൻ ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹാരിസ് തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർക്ക് എതിരെ പ്രതിഷേധം നടത്താനും യൂത്ത് കോൺഗ്രസ് തയ്യാറായിരിക്കുകയാണ്. യു.ഡി.എഫ്. മലപ്പുറം ജില്ലാ ചെയർമാനായ പി. ടി അജയ് മോഹനന്റെ പിതാവ് പി.ടി .മോഹന കൃഷ്ണൻറെ പേരിലുള്ള പുരസ്‌കാരം സംഘിയായ ഗവർണർ നൽകുന്നത് എതിർക്കപ്പെടുക തന്നെ ചെയ്യും എന്നാണ് യൂത്ത് കോൺഗ്രസിൻറെ നിലപാട് .എന്നാൽ ഗവർണർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും പങ്കെടുക്കാൻ പാടില്ലെന്ന് കെ. എസ് .യു ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസും, കെ എസ് യു, കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളും ഗവർണറുടെ വരവിനെതിരെ ശബ്ദമുയർത്തിയതോടെ പൊന്നാനി നിയോജക മണ്ഡലത്തിലെ കോൺഗ്രസിൽ വലിയ ആസ്വാരസ്യമാണ് ഉയർന്നിരിക്കുന്നത്.
 

Latest News