Sorry, you need to enable JavaScript to visit this website.

മരുഭൂമിയിൽ മരുപ്പച്ച തീർത്ത് ഖത്തർ മലയാളി

മരുഭൂമിയിൽ മരുപ്പച്ച തീർത്ത് വിസ്മയം തീർക്കുന്ന ഖത്തർ മലയാളി ജോമോൻ കിളംവേലിൽ ചാക്കോയുടെ കൃഷി വിശേഷങ്ങൾ ഏവരേയും പ്രചോദിപ്പിക്കുന്നതാണ്. മണ്ണിൽ പണിയെടുത്താൽ  പൊന്ന് വിളയിക്കാൻ കഴിയുമെന്നും മനസ്സുവെച്ചാൽ മരുഭൂമിയും മണൽകാറ്റുമൊന്നും തടസ്സമാവില്ലെന്നും  തെളിയിക്കുകയാണ് കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഖത്തറിലെ മരുഭൂമിയിൽ വിജയകരമായി കൃഷി നടത്തുന്ന ഈ ആലപ്പുഴക്കാരൻ.  
ഖത്തറിൽ മുനിസിപ്പാലിറ്റി ജീവനക്കാരനായ ജോമോൻ ജോലി കഴിഞ്ഞ് തന്റെ ഫാമിൽ മണിക്കൂറുകളോളം  പണിയെടുത്താണ് കൃഷി ചെയ്യുന്നത്. ദോഹയിൽ  നിന്നും നാൽപത് കിലോമീറ്ററുകളോളം അകലെയുള്ള ബിർക്കത്തുൽ അവാമീർ എന്ന മരുപ്രദേശത്ത് മത്തങ്ങ, പീച്ചക്ക, പപ്പായ, പാവക്ക, പയർ, കോവക്ക, ചുരക്ക, കാബേജ്, ബീറ്റ് റൂട്ട്, പടവലങ്ങ, തണ്ണി മത്തൻ, കാന്താരിമുളക്, പാലക്ക്, ചോളം, നിത്യ വഴുതന, ചീര, കറിവേപ്പില , മല്ലിയില, പൊതീന തുടങ്ങി വിവിധതരം പച്ചക്കറികൾ സമൃദ്ധമായി നട്ടുവളർത്തി  ഒരു കൊച്ചുകേരളം തന്നെയാണ് ജോമോൻ ഒരുക്കിയിരിക്കുന്നത്. തന്റെ കൃഷിയിടത്തിൽ വൈവിധ്യമാർന്ന കൃഷിയിറക്കി മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടയാളപ്പെടുത്തുന്ന ഈ ആലപ്പുഴക്കാരൻ സുപ്രധാനമായ സന്ദേശമാണ് പ്രവാസി സമൂഹത്തിന് നൽകുന്നത്.


കൃഷി ജീവിതത്തിന് വല്ലാത്ത സംതൃപ്തി നൽകുന്ന ഒരു തൊഴിലെന്ന നിലയിലും കൂടിയാണ് വർഷങ്ങളായി മരുഭൂമിയിൽ നൂറ് മേനി വിളയിച്ച് കൃഷിയുടെ വേറിട്ട മാതൃകകൾ പരീക്ഷിക്കുന്നത്. തികച്ചും ഓർഗാനിക്കായാണ് കൃഷി ചെയ്യുന്നത്. കാര്യമായും ആട്ടിൻ കാഷ്ഠവും ചാണകവുമാണ് വളമായി ഉപയോഗിക്കുന്നത്.
ബിർക്കത്തുൽ അവാമിറിൽ ജോമോൻ നട്ടുവളർത്തുന്ന കൃഷിയിടത്തിലെത്തുമ്പോൾ മരുഭൂമിയിലാണ് നാമെന്നത്  മറന്നുപോയേക്കും. കേരളത്തിലെ ഏതോ ഗ്രാമത്തിലെത്തിയ പ്രതീതിയാണ് ഓരോരുത്തർക്കും ഉണ്ടാവുക. അത്രക്കും സമൃദ്ധമായ പച്ചപ്പിനാൽ അലങ്കരിച്ച കൃഷിയിടത്തിൽ വിളയുന്ന വിഭവങ്ങൾ അനവധിയാണ്.
അക്ഷരാർഥത്തിൽ ജൈവ കൃഷിയുടെ ഉപാസകനായ ജോമോൻ പ്രകൃതിപരമായ വളങ്ങൾ നൽകിയാണ് തന്റെ കൃഷിയെ പുഷ്ടിപ്പെടുത്തുന്നത്. ആലപ്പുഴയിലെ  കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്ന ജോമോനിന്റെ രക്തത്തിലുള്ളതാണ് കൃഷി കമ്പം. കഴിഞ്ഞ പത്ത് വർഷത്തോളം ഖത്തറിലുള്ള അദ്ദേഹം കഴിഞ്ഞ 4 വർഷമായി കാർഷിക രംഗത്ത് സജീവമാണ് . ചെറുപ്പം മുതലേ ജോമോന് കൃഷിയോട് താൽപര്യമുള്ള പ്രകൃതമായിരുന്നു. യൗവ്വനാരംഭത്തിലേ ഖത്തറിലെത്തിയ അദ്ദേഹം കണ്ട് വളർന്ന കൃഷി സംസ്‌കാരം മരുഭൂമിയിലും പരീക്ഷിച്ച് വിജയം വരിച്ചത് പ്രവാസി സമൂഹത്തിന് മാതൃകയാണ് . മനസ് വെച്ചാൽ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം സ്വന്തമായ കൃഷി ചെയ്യാമെന്നതോടൊപ്പം വാണിജ്യാടിസ്ഥാനത്തിലും മരുഭൂമിയിൽ കൃഷി സാധ്യമാണെന്ന മഹത്തായ പാഠമാണ് അദ്ദേഹം നൽകുന്നത്.
മരുഭൂമിയിൽ കൃഷി ചെയ്യുക അൽപം ശ്രമകരമായ ജോലിയാണ്. മണ്ണൊരുക്കിയും വളം ചേർത്തും നനച്ചും കൃഷിയെ പരിചരിക്കണമെങ്കിൽ നല്ല ക്ഷമയും കൃഷിയോട് താൽപര്യവും വേണം. ഓരോ സീസണിലും എന്തൊക്കെ കൃഷി ചെയ്യണമെന്നതിനെക്കുറിച്ചും എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നതിനെക്കുറിച്ചും നല്ല ധാരണ വേണം. നിരന്തരമായ പരിശ്രമം കൊണ്ട് പലതും പഠിച്ചെടുത്താണ് ജൈവ കൃഷിയുടെ ഉപാസകനായി ഈ പ്രവാസി മലയാളി ശ്രദ്ധേയനാകുന്നത്.


മണ്ണ് ചതിക്കില്ലെന്നത് പരമാർഥമാണെന്നാണ് തന്റെ ജീവിതാനുഭവമെന്ന് ജോമോൻ സാക്ഷ്യപ്പെടുത്തുന്നു. എന്ത് നട്ടാലും നല്ല വിളവ് ലഭിക്കുന്നത് കൂടുതൽ കൃഷിയിറക്കാൻ പ്രോൽസാഹനമാണ്.മിക്കവാറും വിത്തുകളൊക്കെ ഇവിടെ നിന്ന് തന്നെയാണ് വാങ്ങുന്നത്. ഈ വർഷം പെയ്ത കനത്ത മഴ തന്റെ കൃഷിക്ക് കുറേ നാശങ്ങളുണ്ടാക്കി. 
വിളഞ്ഞുനിൽക്കുന്ന പച്ചക്കറികളും ഇല വർഗങ്ങളുമൊക്കെ കാണുന്നത് തന്നെ വല്ലാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഊഷരമെന്ന് നാം വിചാരിക്കുന്ന മരുഭൂമിയിലെ കാർഷിക വിപ്ളവം പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം വിഷരഹിതമായ പച്ചക്കറികൾ ഭക്ഷിക്കാനും അവസരമൊരുക്കുന്നു. ശുദ്ധമായ പച്ചക്കറികൾ തേടി പല മലയാളി കുടുംബങ്ങളും തങ്ങളെ സമീപിക്കാറുണ്ടെന്ന് ജോമോൻ പറഞ്ഞു
പ്രവാസി മലയാളികളായ സന്ദർശകർക്കും മറ്റും തിരക്കുപിടിച്ച ജീവിതത്തിൽ അൽപനേരം കൺകുളിർമയേകുന്നതിനൊപ്പം മിതമായ വിലയിൽ ശുദ്ധമായ പച്ചക്കറികൾ വാങ്ങുവാനും ഇവിടെ സൗകര്യമുണ്ട്. ആവശ്യകാർക്ക് പച്ചക്കറികളുടെയും പേരക്കപോലുള്ള പഴങ്ങളുടെയും തൈകളും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഭാര്യയും മകളുമടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ പിന്തുണയും ആത്മാർത്ഥമായ മണ്ണിലെ പണിയും ഇദ്ദേഹത്തിന് തിരികെകൊടുക്കുന്നത് മരുഭൂമിയിലൊരു മലനാടൻ പച്ചപ്പിന്റെ നന്മയാണ്.
വലിയ തോതിൽ പച്ചക്കറികൾ വിളവെടുക്കാറുള്ള ജോമോൻ ഖത്തറിലെ പല പ്രമുഖ ഹൈപ്പർമാർക്കറ്റുകൾക്കും ഓൺലൈൻ സ്റ്റോറുകൾക്ക് ജൈവ പച്ചക്കറികൾ നൽകാറുണ്ടായിരുന്നു. ഓപറേഷൻ കോസ്റ്റ് കൂടുതലായതിനാൽ ഫാമിലെത്തുന്നവർക്ക് നേരിട്ട് വിൽപന നടത്താനാണ് ജോമോൻ മുൻഗണന നൽകുന്നത്. 
മരുഭൂമിയിലെ പപ്പായത്തോട്ടവും പച്ചക്കറിത്തോട്ടവുമൊക്കെ പരിസ്ഥിതി സ്നേഹികളേയും ജൈവ കൃഷി തൽപരരേയും ഇതിനകം ആകർഷിച്ചുകഴിഞ്ഞു. ബിർക്കത്തുൽ അവാമിറിൽ താമസിക്കുന്നവരും അല്ലാത്തവരുമായി നിരവധി പേരാണ് നിത്യവും ശുദ്ധമായ പച്ചക്കറികൾക്കായി ഇവിടെയെത്തുന്നത്. പല കടക്കാരും ഇവിടെയെത്തി പച്ചക്കറികൾ വാങ്ങുന്നുണ്ട്.

Latest News