Sorry, you need to enable JavaScript to visit this website.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സുതാര്യമാകണം -മുഖ്യമന്ത്രി

കൊച്ചി- ജി.എസ്.ടി വിഹിതവും നികുതി വിഹിതവും ഉൾപ്പെടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സുതാര്യമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജി.എസ്.ടി വിഹിതം നിശ്ചയിക്കുന്നതിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ല. സുതാര്യത വേണമെങ്കിൽ ജി.എസ്.ടി വഴി കേന്ദ്രം സമാഹരിക്കുന്ന തുക വ്യക്തമാക്കണം. ജി.എസ്.ടി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പെരുമ്പാവൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളിൽ വരെ കേന്ദ്ര സർക്കാർ കൈകടത്തുകയാണ്. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ട നികുതി വരുമാനം എത്രയാണെന്നത് സംബന്ധിച്ച ഒരു കണക്കും ആർക്കുമറിയില്ല. ബജറ്റിൽ അത് വ്യക്തമാക്കേണ്ടതാണ്. എന്നാൽ ബജറ്റിൽ അത് പൂർണമായും മറച്ചുവെച്ചിരിക്കുകയാണ്. കണക്കുകൾ സുതാര്യമല്ലാത്തതു കൊണ്ട് നികുതി വരുമാനവുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ സംസ്ഥാനങ്ങൾക്ക് സംഭവിക്കുന്ന കുറവ് കൃത്യമായി നിർണയിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കണക്കുകൾ തെറ്റിദ്ധരിപ്പിക്കും വിധം കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്.
കഴിഞ്ഞ നവംബർ മാസത്തിൽ കേരളത്തിന് ലഭിക്കേണ്ട 332 കോടി രൂപ വെട്ടിക്കുറച്ചു. എന്നാൽ ഇതിന്റെ മാനദണ്ഡം സംസ്ഥാന സർക്കാരിന് അറിയില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുന്നില്ല. സഹായിക്കാൻ ബാധ്യതയുള്ള കേന്ദ്ര സർക്കാർ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുകയാണ്. സംസ്ഥാന വിഹിതത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. എന്നാൽ നവകേരള സദസ്സിലെ ജനപങ്കാളിത്തം കേന്ദ്ര സർക്കാരിനെ കൊണ്ട് പ്രതികരിക്കാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. ഇതേ തുടർന്നാണ് വസ്തുതാ വിരുദ്ധമായാണെങ്കിലും കേന്ദ്ര ധനമന്ത്രി പ്രതികരിച്ചിരിക്കുന്നത്. 
ജി.എസ്.ടി യുടെ 100 ശതമാനവും ഐ.ജി.എസ്.ടി യുടെ 50 ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നാണ് ധനമന്ത്രിയുടെ പ്രസ്താവന. കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടന്ന് ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഇത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. യഥാർഥ വസ്തുത ജി.എസ്.ടിയുടെ ഭാഗമായുള്ള വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങളുടെ തന്നെ വരുമാനമാണ്. അതാണ് നിയമം. അത് സംസ്ഥാനങ്ങളുടെ തന്നെ തനത് നികുതി വരുമാനമാണ്. സംസ്ഥാനത്തിന്റെ വിഭവങ്ങൾ ചെലവഴിച്ചാണ് ആ തുക പിരിച്ചെടുക്കുന്നത്. 
ജി.എസ്.ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ നികുതി വരുമാനത്തിന്റെ 44% നഷ്ടപ്പെടുത്തേണ്ടിവന്നു. 28 ശതമാനം മാത്രമാണ് കേന്ദ്രത്തിന് നഷ്ടമായത്. വരുമാനത്തിന്റെ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനങ്ങൾക്കും എന്ന നിലയിലാണ് ജി.എസ്.ടി വിഹിതം നിശ്ചയിച്ചത്. ജി.എസ്.ടി യിൽ 14 ശതമാനം വാർഷിക വളർച്ചാ നിരക്ക് ഉറപ്പാക്കുമെന്ന കേന്ദ്ര വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഈ നിരക്ക് ഇതുവരെ ഉണ്ടായില്ല.
നികുതി അവകാശ നഷ്ടം പരിഹരിക്കാൻ ജി.എസ്.ടി നഷ്ടപരിഹാരം നിർദേശിച്ചിരുന്നു. ഇതിന്റെ കാലാവധി അഞ്ചു വർഷം കഴിഞ്ഞ് അവസാനിച്ചു. നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രസർക്കാർ ഫണ്ടിൽ നിന്നായിരുന്നില്ല. ഇതിനായി പ്രത്യേക സെസ് ഏർപ്പെടുത്തി. ഇതേ തുടർന്നാണ് നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്രം ഇത് അനുവദിച്ചില്ല. എന്നാൽ സെസ് പിരിവ് കേന്ദ്രം ഇപ്പോഴും തുടരുകയാണ്. 
കേന്ദ്രത്തിനും സംസ്ഥാനത്തിനും നികുതി വരുമാന നഷ്ടം ഉണ്ടാകാതിരിക്കാൻ നിശ്ചയിച്ച ശരാശരി നികുതി നിരക്കാണ് റവന്യൂ ന്യൂട്രൽ നിരക്ക്. ജി.എസ്.ടി ക്ക് മുമ്പും ശേഷവും ഈ നിരക്ക് 16 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ അത് 11 ശതമാനമായി കുറഞ്ഞു. ജി.എസ്.ടിക്ക് മുമ്പ് 35 മുതൽ 45 ശതമാനം വരെ നികുതി നിരക്കുണ്ടായിരുന്ന ഇരുന്നൂറിലധികം ഉത്പന്നങ്ങൾക്ക് നികുതി 28 ശതമാനമായി കുറഞ്ഞു. ഇപ്പോൾ അത് 18 ശതമാനമായി. എന്നാൽ ഇതുമൂലം വിലക്കുറവ് ഉണ്ടായില്ല. സംസ്ഥാന നികുതി വിഹിതം കുറയുകയാണ് ചെയ്തത്. 
ദേശീയ പാതയുടെ സ്ഥലമെടുപ്പിനായി 5854 കോടി രൂപയാണ് കേരളം ദേശീയ പാത അതോറിറ്റിക്ക് നൽകിയത്. ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറയ്ക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം തുറമുഖത്തിനുള്ള വായ്പയും നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 13, 14, 15 ധനകാര്യ കമ്മീഷനുകൾ ഉയർന്ന വിഹിതമാണ് സംസ്ഥാനത്തിന് നൽകിയതെന്നാണ് കേന്ദ്ര ധനമന്ത്രി പറഞ്ഞത്. ഇത് തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ്. 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നു സംസ്ഥാനത്തിനുള്ള വിഹിതം. ഇപ്പോഴുള്ള 15-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് ഇത് 1.92 ശതമാനമാണ്. 
പ്രതിസന്ധികൾക്കിടയിലും കേരളം പിടിച്ചു നിൽക്കുന്നത് കേരളത്തിന്റെ തനത് നികുതി വരുമാനത്തിലെ വർധന കൊണ്ടാണ്. 2022-23 ൽ തനത് നികുതി വരുമാനം 23.36 ശതമാനം വർധിച്ചു. 2021-22 ൽ 22.41 ശതമാനനമായിരുന്നു വർധന. ക്രമാനുഗതമായ വർധനയാണ് തനത് വരുമാനത്തിൽ കേരളം നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News