റിയാദ്- ബാങ്ക് ഉദ്യോഗസ്ഥര്‍ നാട്ടിലെ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതറിഞ്ഞ വിഷമത്തില്‍ ജീവനൊടുക്കിയ ആലപ്പുഴ സ്വദേശിയുടെ കുടുംബം കടക്കെണിയില്‍. ദവാദ്മി സാജറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ആലപ്പുഴ അമ്പലപ്പുഴ വണ്ടാനം സ്വദേശി നൗഷാദ് അബൂബക്കര്‍ (51) ആണ് വീട് ജപ്തി ചെയ്യുമെന്നറിഞ്ഞതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് താമസിക്കുന്ന മുറിയില്‍ ആത്മഹത്യ ചെയ്തത്.
നേരത്തെ കുവൈത്തിലായിരുന്ന നൗഷാദ് ജോലി ഒഴിവാക്കി നാട്ടിലെത്തി ബാങ്കില്‍ നിന്ന് ആറു ലക്ഷം രൂപ വായ്പയെടുത്ത് നാലു സെന്റ് ഭൂമിയില്‍ വീടുവെച്ചതായിരുന്നു. ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബൈപാസ് സര്‍ജറി വേണ്ടിവന്നു. പലരില്‍ നിന്ന് കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. ഇതിനിടെ കാന്‍സര്‍ ബാധിച്ച മകന്‍ നൗഫിന്റെ ചികിത്സക്കും പ്രതിമാസം 27,000 ത്തോളം രൂപ വേണ്ടി വന്നു.
കട ബാധ്യത വര്‍ധിച്ചതിനെ തുടര്‍ന്നാണ്ഹൗസ് ഡ്രൈവര്‍ വിസ തരപ്പെടുത്തി സാജറിലെത്തിയത്. 1200 റിയാലായിരുന്നു ശമ്പളം. നൂറു റിയാല്‍ നൗഷാദിന് നല്‍കി ബാക്കി 1100 റിയാല്‍ സ്‌പോണ്‍സര്‍ തന്നെ നൗഷാദിന്റെ വീട്ടിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു പതിവ്.
വായ്പ തിരിച്ചടക്കാന്‍ വൈകിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ച വിവരം ഭാര്യയാണ് രണ്ടാഴ്ച മുമ്പ് നൗഷാദിനെ അറിയിച്ചത്. അന്നു വൈകുന്നേരം തന്നെ ഇദ്ദേഹം താമസിക്കുന്ന റൂമില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. നൗഷാദ് ആത്മഹത്യ ചെയ്തത് സ്‌പോണ്‍സറാണ് ഭാര്യയെ വിളിച്ചറിയിച്ചത്. സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാടിന് നാട്ടില്‍ നിന്ന് വിവരം ലഭിക്കുകയും ബോബന്‍ ഡേവിഡ്, ഹുസൈന്‍ കള്ളിയാരകത്ത് എന്നിവരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദവാദ്മിയില്‍ ഖബറടക്കുകയും ചെയ്തു. നൗഫിന് പുറമെ നഹാന എന്നൊരു മകളുമുണ്ട്. വായ്പ തിരിച്ചടക്കാനും മകന്റെ ചികിത്സക്കും പണമില്ലാതെ കഷ്ടപ്പെടുകയാണ് ഭാര്യ ലൈല. നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ലൈല നൗഷാദിന്റെ പേരില്‍ അമ്പലപ്പുഴ കനറാ ബാങ്കിലുള്ള 3266101005659 അക്കൗണ്ടിലേക്ക് പണം അയക്കാം.