പിടിയിലായത് പതിനഞ്ചര ലക്ഷം ഇഖാമ, തൊഴിൽ നിയമ ലംഘകർ
റിയാദ് - എട്ടു മാസത്തിനിടെ നാലു ലക്ഷത്തോളം ഇഖാമ, തൊഴിൽ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2016 നവംബർ 15 മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 15,59,317 ഇഖാമ, തൊഴിൽ നിയമ ലംഘകരാണ് പിടിയിലായത്. ഇവരിൽ 11,83,982 പേർ ഇഖാമ നിയമ ലംഘകരും 2,55,001 പേർ തൊഴിൽ നിയമ ലംഘകരും 1,20,334 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.
ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 26,434 പേർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ഇക്കൂട്ടത്തിൽ 55 ശതമാനം പേർ യെമനികളും 43 ശതമാനം പേർ എത്യോപ്യക്കാരും രണ്ടു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അനധികൃത രീതിയിൽ അതിർത്തികൾ വഴി രാജ്യം വിടാൻ ശ്രമിച്ച 1,155 പേരും എട്ടു മാസത്തിനിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും നൽകിയതിന് 2,384 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഇതേ കുറ്റത്തിന് 502 സൗദികളും പിടിയിലായി. സ്വദേശികളിൽ 482 പേരെ ശിക്ഷാ നടപടികൾ സ്വീകരിച്ച് വിട്ടയച്ചു. അവശേഷിക്കുന്ന 20 പേർ നടപടി നേരിടുന്നു.
നിലവിൽ 12,434 നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി വരികയാണ്. ഇവരിൽ 10,859 പേർ പുരുഷന്മാരും 1,557 പേർ വനിതകളുമാണ്. ഇതിനകം 2,64,842 നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. 2,19,621 പേർക്ക് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് നടപടികളെടുത്തു. 2,68,448 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. എട്ടു മാസത്തിനിടെ ആകെ 3,95,883 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.