ദോഹ- ഹമാസിന്റെ കൈവശമുള്ള ഇസ്രായില്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യത സി.ഐ.എയുടെയും മൊസാദ് രഹസ്യാന്വേഷണ ഏജന്‍സിയുടെയും തലവന്‍മാര്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി ഒരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പത്തോ പതിനഞ്ചോ ബന്ദികളെ കൈമാറുന്നതിന് പകരമായി വെടിനിര്‍ത്തലിന് ഇടവേള പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. പ്രതിദിനം നാല് മണിക്കൂര്‍ വെടിനിര്‍ത്തലെന്ന ആശയം യു.എസ് മുന്നോട്ടുവെച്ചെങ്കിലും ഇസ്രായില്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടില്ല. അതിനിടെ, പാരീസില്‍, ഗാസയിലേക്കുള്ള മാനുഷിക സഹായം ഏകോപിപ്പിക്കുന്നതിനും പരിക്കേറ്റ സാധാരണക്കാരെ ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനുമായി ഏകദേശം 80 രാജ്യങ്ങളിലെയും സംഘടനകളിലെയും ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.
വ്യാഴാഴ്ച വരെ 10,812 ഗാസ നിവാസികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു, അവരില്‍ 40 ശതമാനം കുട്ടികളാണ്. തുടര്‍ച്ചയായ വ്യോമ, പീരങ്കി ആക്രമണം മിക്ക പ്രദേശങ്ങളേയും താമസയോഗ്യമല്ലാതാക്കിയെന്ന് ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍നിന്ന് ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ലെബനീസ് ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബുള്ള പറഞ്ഞു. ഇതിനോട് പീരങ്കിയിലൂടെ മറുപടി നല്‍കിയെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
അതിനിടെ, തെക്കന്‍ ഇസ്രായേല്‍ തുറമുഖത്തെ സിവിലിയന്‍ കെട്ടിടത്തില്‍ അജ്ഞാത ഡ്രോണ്‍ ഇടിച്ചു. എയിലത്ത് നഗരത്തിലുണ്ടായ സംഭവത്തില്‍ നേരിയ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.