ന്യൂദൽഹി- രാജ്യസഭ ഉപാധ്യക്ഷ സ്ഥാനാർഥിയെ ചൊല്ലി എൻ.ഡി.എക്കുള്ളിൽ അഭിപ്രായ വ്യത്യാസം പുകയുന്നതിനിടെ പ്രതിപക്ഷ നിരയിൽനിന്ന് എൻ.സി.പിയുടെ വന്ദന ചവാനെ നിശ്ചയിച്ചു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാർഥിയായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയും ജെ.ഡി.യു എം.പിയുമായ ഹരിവൻശ് നാരായൺ സിംഗിനെയാണ് എൻ. ഡി.എ സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ, ഘടകകക്ഷിയായ ശിരോമണി അകാലിദളിന് ഹരിവൻശിനെ സ്ഥാനാർഥിയാക്കിയതിൽ കടുത്ത എതിർപ്പുണ്ടെന്നായിരുന്നു സൂചന. അകാലിദൾ എം.പിയും മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാളിന്റെ മകനുമായ നരേഷ് ഗുജ്‌റാളിനെ സ്ഥാനാർഥിയാക്കാനായിരുന്നു ആദ്യ നീക്കം. നരേഷ് ഗുജ്‌റാളിനെ പ്രതിപക്ഷം കാര്യമായി എതിർക്കില്ലെന്നായിരുന്നു അകാലിദളിന്റെയും കണക്കുകൂട്ടൽ.
എൻ.ഡി.എ ഘടകകക്ഷിയായ ശിവസേനയുടെ വോട്ടുകൾ കൂടി പിടിച്ചെടുക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം മുൻ പൂനെ മേയറായിരുന്ന വന്ദന ചൗഹാനെ പരിഗണിക്കുന്നത്.
ഇന്നലെ രാവിലെ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ ഇടഞ്ഞു നിൽക്കുന്ന ഘടകക്ഷികളായ ശിവസേനയുടെയും ശിരോമണി അകാലിദളിന്റെയും പിന്തുണ ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ, തെലങ്കാന രാഷ്ട്രസമിതി എന്നിവരുടെ പിന്തുണയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
245 അംഗങ്ങളുള്ള രാജ്യസഭയിൽ ഒരു സ്ഥാനാർഥിക്ക് 123 വോട്ടുകൾ വേണം ജയിക്കാൻ. ഇതിൽ ഏതെങ്കിലും ഘടക കക്ഷികൾ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നാൽ ഭൂരിപക്ഷത്തിൽ കാര്യമായ കുറവുണ്ടാകും. അകാലിദളിന് മൂന്നും ശിവസേനക്കു മൂന്നും ബിജു ജനതാദളിന് ഒമ്പതും അംഗങ്ങളാണുള്ളത്. വോട്ടെടുപ്പിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ബിജു ജനതാദൾ തീരുമാനമെടുത്തിട്ടില്ല. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയും വൈ.എസ്.ആർ കോൺഗ്രസും ഉൾപ്പടെ പ്രതിപക്ഷ നിരയിൽ 119 ആണ് അംഗബലം. ആം ആദ്മി പാർട്ടിയും മെഹബൂബ മുഫ്തിയുടെ പി.ഡി.പിയും പ്രതിപക്ഷത്തോട് ഒപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.