കോട്ടയം- കേരള നദ്വത്തുൽ മുജാഹിദീൻ നേതാവ് മജീദ് സ്വലാഹിയെ അഭിനന്ദിച്ച് ക്രിസ്ത്യൻ വർഗീയ സംഘടനയായ കാസ. ഫലസ്തീനിലെ ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് നേരത്തെ മജീദ് സ്വലാഹി രംഗത്തുവന്നിരുന്നു. ഇതിനെ പരാമർശിച്ചാണ് കാസ അഭിനന്ദനം നേർന്നത്.
കാസയുടെ കുറിപ്പ്:
ഹമാസ് എന്ന ഭീകര സംഘടനയെ സന്നദ്ധ സംഘടനയാക്കാൻ ഇവിടുത്തെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മത്സരിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് അത് വിളിച്ചു പറയുന്ന മുജാഹിദ് നേതാവായ മജീദ് സലാഹിയെ പോലെയുള്ളവർ ഇവിടെ നമുക്കിടയിൽ ഉണ്ട് എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം....... അഭിനന്ദനങ്ങൾ സഹോദരാ, ഒപ്പം താങ്കൾക്ക് ദീർഘായുസ്സും നേരുന്നു.
മുജാഹിദ് പ്രസ്ഥാനം എന്താണെന്ന് അറിയാത്തത് കൊണ്ടല്ല കാസ, മുജാഹിദ് നേതാവായ അബ്ദുൾ മജീദ് സ്വലാഹിയെ അഭിനന്ദിച്ചതെന്നും ഒരു പ്രസംഗത്തിൽ അദ്ദേഹം തന്റെ മുന്നിലിരിക്കുന്ന യുവതി യുവാക്കളോട് രണ്ടര മിനിറ്റ് കൊണ്ട് പറഞ്ഞ കാര്യങ്ങളെല്ലാം സത്യങ്ങൾ തന്നെയാണ് എന്നുള്ളതുകൊണ്ടാണെന്നും സത്യങ്ങൾ ആരു പറഞ്ഞാലും ഞങ്ങൾ അഭിനന്ദിക്കുമെന്നും കാസ വ്യക്തമാക്കി.
ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളെന്നും പോരാട്ടമെന്നും സ്വതന്ത്ര സമരമെന്നും പറഞ്ഞ് ലോകമെമ്പാടും അശാന്തി വിതയ്ക്കുന്നതിന് എതിരെ പറഞ്ഞ കാര്യങ്ങളും ഹമാസ് എന്ന ഭീകരവാദപ്രസ്ഥാനമാണ് ഫലസ്തീൻ ജനതയുടെ യഥാർത്ഥ ശത്രുക്കൾ എന്ന് അദ്ദേഹം പറഞ്ഞതും 100% സത്യങ്ങൾ തന്നെയാണെന്നും കാസ വിശദീകരിച്ചു. അബ്ദുൾ മജീദ് സ്വലാഹിക്ക് ഞങ്ങൾ ദീർഘായുസ്സ് നേർന്നതിന്റെ കാരണം, മുമ്പു ഇതുപോലെ സത്യങ്ങൾ വിളിച്ചുപറഞ്ഞ ചേകന്നൂർ മൗലവിയുടെ ഓർമ്മകൾ മനസ്സിലുള്ളത് കൊണ്ടാണെന്നും കാസ പിന്നീട് വിശദീകരിച്ചു.