മിഷിഗണ്‍- ഗസയ്ക്കും ഫലസ്തീനുമെതിരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകളില്‍ ഡെമോക്രാറ്റുകളുടെ പ്രതികരണം മിഷിഗണിലെ ഒരുവിഭാഗം മുസ്ലിംകള്ക്കിടയില് നിരാശയും പ്രതിഷേധവും. ഫലസ്തീനെ പരിഗണിക്കാതെയും ഇസ്രായേലിനെ പിന്തുണച്ചുമുള്ള ബൈഡന് സര്‍ക്കാരിന്റെയും ഡെമോക്രാറ്റുകളുടെയും നിലപാടുകള്‍ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സംഘര്‍ഷ വിഷയത്തിലെ ഡെമോക്രാറ്റ് നിലപാടില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നു ചിന്തിക്കുന്ന മിഷിഗണിലെ ഒരുവിഭാഗം മുസ്ലിംകള് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പിന്തുണക്കില്ലെന്ന് മുന്നറിയിപ്പു നല്‍കിയതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് മിഷിഗണില്‍ നടന്ന ഇസ്രായേല്‍ അനുകൂല റാലിയില്‍ മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മറും സംസ്ഥാനത്തെ മറ്റ് ഡെമോക്രാറ്റുകളും പങ്കെടുത്തത് അറബ് വംശജരായ അമേരിക്കക്കാരില്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. പിന്നീട് ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡിയര്‍ബോണില്‍ നടന്ന ഫലസ്തീന് അനുകൂല റാലിയില്‍ ഈ ഡെമോക്രാറ്റ് നേതാക്കള്‍ പങ്കെടുക്കാതിരുന്നതോടെ അമേരിക്കന്‍ അറബ് മുസ്ലിംകളുടെ പ്രതിഷേധം ഇരട്ടിയായി. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം, അറബ്- അമേരിക്കന്‍ കമ്മ്യൂണിറ്റികളിലൊന്നാണ് മിഷിഗണിലെ ഡിയര്‍ബോണ്‍. റാലിയില്‍ ഗവര്‍ണര്‍ വിറ്റ്മറിനും മറ്റ് ഡെമോക്രാറ്റ് നേതാക്കള്‍ക്കും എതിരായ മുദ്രാവാക്യങ്ങളും മുഴങ്ങി.
ഡെമോക്രാറ്റ് നേതൃത്വത്തിന്റെ ഈ പ്രവൃത്തിയും ഇസ്രായേലിനുള്ള പ്രസിഡന്റ് ബൈഡന്റെ പിന്തുണയും അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന് ചില അറബ് അമേരിക്കക്കാര്‍ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. .
സംഘര്‍ഷത്തില്‍ അറബ് അമേരിക്കക്കാരോടും ഫലസ്തീനികളോടും പെരുമാറിയ രീതിക്ക് 2024ല്‍ പാര്‍ട്ടി ഉത്തരം പറയേണ്ടിവരുമെന്ന് ഡെമോക്രാറ്റിക് സ്റ്റേറ്റ് പ്രതിനിധി അലബാസ് ഫര്‍ഹത്ത് പറഞ്ഞു. ലോകം അംഗീകരിക്കുന്ന ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങള്‍ പോലും ഡെമോക്രാറ്റുകള്‍ അനുവദിക്കുന്നില്ലെന്ന് മുസ്ലിംകളില് ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ജില്ലയായ ഡിയര്‍ബോണ്‍ പ്രതിനിധി ഫര്‍ഹത്ത് അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.
രാജ്യത്തുടനീളമുള്ള മറ്റ് അറബ്- അമേരിക്കന്‍ വംശജര്‍ 2024ല്‍ ബൈഡനെ പിന്തുണക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 2020-ല്‍ ബൈഡന്റെ പ്രചാരണത്തെ പിന്തുണച്ച ഫലസ്തീനിയന്‍- അമേരിക്കന്‍ ഹാസ്യനടനായ മെയ്സൂണ്‍ സായിദ് 2024-ല്‍ തനിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പൊളിറ്റിക്കോയോട് പറഞ്ഞു.
പ്രസിഡന്റ് വഞ്ചന നടത്തിയതായി തനിക്ക് തോന്നുന്നുവെന്ന് മറ്റൊരു ഡെമോക്രാറ്റ് പിന്തുണക്കാരിയായ ഹാല ഹിജാസി പറഞ്ഞു.