ലണ്ടൻ - ഫിഫയുടെ ഇ-വേൾഡ് കപ്പിൽ സൗദിയുടെ പതിനെട്ടുകാരൻ മുസ്അദ് അൽദോസരി ചാമ്പ്യനായി. ഫിഫയുടെ ഇന്ററാക്ടിവ് വിർച്വർ വേൾഡ് കപ്പായ ഇ-സ്‌പോർട്‌സ് ടൂർണമെന്റിന്റെ ഫൈനലിൽ ബെൽജിയത്തിന്റെ സ്റ്റെഫാനൊ പിന്നയെ 4-0 നാണ് അൽദോസരി തോൽപിച്ചത്. അൽദോസരിക്ക് രണ്ടര ലക്ഷം ഡോളർ (ഒന്നേ മുക്കാൽ കോടിയോളം രൂപ) സമ്മാനം ലഭിച്ചു. അടുത്ത മാസം ഫിഫയുടെ മികച്ച കളിക്കാരനുള്ള ബെസ്റ്റ് ബഹുമതി ചടങ്ങിൽ അൽദോസരിക്ക് പങ്കെടുക്കാം. ഏപ്രിലിൽ മാഞ്ചസ്റ്ററിൽ നടന്ന എഫ്.യു.ടി ചാമ്പ്യൻസ് കപ്പ് ഇ-സ്‌പോർട്‌സിലും അസൽദോസരി ചാമ്പ്യനായിരുന്നു. ഫൈനൽ നാലു ഭാഷകളിൽ ലോകമെങ്ങും തൽസമയ സംപ്രേഷണമുണ്ടായിരുന്നു. കലാശപ്പോരാട്ടത്തിൽ ഉടനീളം അൽദോസരി ആധിപത്യം നേടി. പരിചയസമ്പന്നരായ നിരവധി പേരെയാണ് മലർത്തിയടിച്ചത്. ഇ-വേൾഡ് കപ്പിൽ ചാമ്പ്യനാവുന്ന രണ്ടാമത്തെ സൗദി താരമാണ് അൽദോസരി. 2015 ൽ അബ്ദുൽഅസീസ് അൽശെഹ്‌രി ചാമ്പ്യനായിരുന്നു. 2016 ൽ ലെബനോൻകാരനായ മുഹമ്മദ് അൽബാഷയായിരുന്നു ചാമ്പ്യൻ. ഇലക്ട്രോണിക് സ്‌പോർട്‌സിൽ അറബ് യുവതയുടെ കരുത്ത് വിളിച്ചോതുന്നതാണ് ഈ വിജയങ്ങൾ.
ഫിഫയുടെ ഏറ്റവും വലിയ ടൂർണമെന്റ് എന്നറിയപ്പെടുന്ന ഇ-വേൾഡ് കപ്പിന്റെ യോഗ്യതാ റൗണ്ടിൽ രണ്ട് കോടിയിലേറെ പേരാണ് പങ്കെടുത്തത്. രണ്ടര ലക്ഷം ഡോളർ സമ്മാനവുമായുള്ള വിജയം അൽദോസരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കും. ഇ-സ്‌പോർട്‌സിലെ ഏറ്റവും അറിയപ്പെടുന്ന താരമായി അൽദോസരി മാറും.
ഇ-വേൾഡ് കപ്പ് ചാമ്പ്യനെന്ന നിലയിൽ ഫിഫ മികച്ച കളിക്കാർക്ക് ബഹുമതി സമ്മാനിക്കുന്ന ബെസ്റ്റ് അവാർഡ് ചടങ്ങിൽ അൽദോസരിക്ക് പങ്കെടുക്കാം. എന്തു ചെയ്യും ഈ തുകയെന്ന് ചോദിച്ചപ്പോൾ അതെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഫിഫ ബെസ്റ്റ് അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നു എന്നതിന്റെ ആഹ്ലാദത്തിലാണ് താനെന്നും പതിനെട്ടുകാരൻ പറഞ്ഞു. ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് എന്റെ പ്രിയ താരം. ക്രിസ്റ്റ്യാനോയുമുള്ള കൂടിക്കാഴ്ച എന്റെ സ്വപ്‌നമാണ്. രാജ്യത്തിന് അഭിമാനം കൊണ്ടുവന്നതിന്റെ ആഹ്ലാദത്തിലാണ് ഞാൻ. കുടുംബത്തോടും കോച്ചിനോടും അകൈതവമായ നന്ദിയുണ്ട്. വരും വർഷങ്ങളിലും രാജ്യത്തിന് അഭിമാന നേട്ടം കൊണ്ടുവരാൻ കഴിയണമെന്നാണ് പ്രതീക്ഷിക്കുന്നത് -അൽദോസരി പറഞ്ഞു.