Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി, അദാനി ഗ്രൂപ്പിനെ അഭിനന്ദിച്ചു

വിഴിഞ്ഞം- കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് വിഴിഞ്ഞത്ത് ആദ്യമെത്തിയ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപോലെ ഒരു തുറമുഖം ലോകത്ത് അപൂര്‍വ്വമാണ്. വരാന്‍ പോകുന്ന വികസനങ്ങള്‍ ഭാവനക്കപ്പുറമാണ്. എട്ട് കപ്പല്‍ കൂടി വരും ദിവസങ്ങളില്‍ വിഴിഞ്ഞത്ത് വരുമെന്ന് അദാനി കമ്പനി പറഞ്ഞുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നു എന്നതിന്റെ ഉറപ്പാണ് ഈ കപ്പല്‍. പദ്ധതി നടപ്പിലാവാന്‍ താമസം വന്നു എന്നത് വസ്തുതയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇതിന്റെ വികസന സാധ്യത വളരെ വലുതാണ്. വികസനക്കുതിപ്പിന് കരുത്തേകുന്ന ഒന്നാകും ഈ പോര്‍ട്ട്. ഇനിയും കൂടുതല്‍ വികസിക്കേണ്ടതുണ്ട്. വികസിത കേരളമാണ് നാം ആഗ്രഹിക്കുന്നത്.

എല്ലാ മേഖലയും ശക്തിപ്പെടണം. അതിന് വ്യക്തമായ കാഴ്ചപ്പാടോടെയാണ് മുന്നോട്ട് പോകുന്നത്. എല്ലാവരും ഒത്തുചേര്‍ന്നാല്‍ അസാധ്യമായി ഒന്നുമില്ല. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ നിമിഷം വിഴിഞ്ഞത്തിന്റയും കേരളത്തിന്റയും അഭിമാന നിമിഷമാണ്. അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തുക.

പ്രസംഗത്തില്‍ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അഭിനന്ദിച്ചു. കരണ്‍ അദാനിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു. 7700 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതിയാണിതെന്നും 4600 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News