ദുബായ് - പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വൈകിയതിന് മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. കൊല്ലം സ്വദേശിയുടെ മൃതദേഹം ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതിലാണ് വീഴ്ച വന്നത്. വിമാനം വൈകിയപ്പോള്‍ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചെങ്കിലും മൃതദേഹം ദുബായില്‍നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ദുഃഖിതരായ കുടുംബത്തിന് ഹോട്ടല്‍ താമസം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും എയര്‍ലൈന്‍ നല്‍കിയതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു
ദുബായില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹമാണ് വിമാനം വൈകിയതോടെ നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ടത്. ഈ മാസം 13ന് രാത്രി 8.45നു പോകേണ്ട വിമാനം വൈകിയതോടെ സുഭാഷ് പിള്ളയുടെ സംസ്‌കാര ചടങ്ങും വൈകി. സംസ്‌കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലായിരുന്നു മൃതദേഹം.