കൊച്ചി- അതിമാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എം. ഡി. എം. എയുമായി ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍. അഗത്തി ദ്വീപിലെ മായംകക്കാട ഹൗസില്‍ മുഹമ്മദ് അല്‍താഫ് (28), കടമത്ത് ദ്വീപിലെ മേലച്ചേട്ട ഹൗസില്‍ അമാനുറഹ്മാന്‍ എം സി (25) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ധിച്ച് വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബറിന്റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മയക്കുമരുന്നിനെതിരെയുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പനമ്പിള്ളി നഗറിലെ യുവജന സമാജം റോഡിലുള്ള കാപ്രൈസ് റസിഡന്‍സിയില്‍ കൊച്ചി സിറ്റി രഹസ്യന്വേഷണ വിഭാഗവും എറണാകുളം ടൗണ്‍ സൗത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 1.25 ഗ്രാം എം. ഡി. എം. എയും 02.50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ബാംഗ്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് മയക്കു മരുന്ന് എത്തിച്ച് കൊച്ചിയിലെ യുവാക്കളെ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് പ്രിന്‍സിപ്പല്‍ എസ്. ഐ. ശരത്ത്, എസ്. ഐ. ജയകുമാര്‍, എസ്. സി. പി. ഒമാരായ ജിബിന്‍ലാല്‍, സലീഷ് വാസു, സി. പി. ഒ രാജേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.