തിരുവനന്തപുരം - കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന കേസ് റിപോർട്ട് ചെയ്തു. അസ്വാഭാവിക പനിയുമായി തിരുവനന്തപുരം ഡെന്റൽ കോളജ് വിദ്യാർത്ഥിയാണ് മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണത്തിലുള്ളത്.
കടുത്ത പനിയെത്തുടർന്ന് ഇന്ന് രാവിലെയാണ് മെഡിക്കൽ വിദ്യാർത്ഥി ചികിത്സ തേടിയെത്തിയത്. സംശയകരമായ ലക്ഷണങ്ങളെ തുടർന്ന് ഇയാളെ പ്രത്യേകം സജ്ജീകരിച്ച റൂമിലേക്ക് മാറ്റുകയായിരുന്നു. വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിച്ചതായി സംശിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രത്യേക വാർഡിലേക്ക് മാറ്റിയത്. ഇയാളുടെ ശരീര സ്രവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
മെഡിക്കൽ വിദ്യാർത്ഥിയിൽ കൂടുതൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം ലഭിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങളും സ്ഥിരീകരണവും സാധിക്കുകയുള്ളൂവെന്നും അധികൃതർ പ്രതികരിച്ചു.