ലിസ്ബണിലെ സ്‌പോര്‍ടിംഗ് അക്കാദമിയില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ അറിയപ്പെട്ടത് റോണി എന്നാണ്. എല്ലാവരും പരിഹസിച്ച കുട്ടി. മദേര ദ്വീപില്‍ നിന്ന് ലിസ്ബണിലെത്തിയ റോണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെട്ടു. ഒപ്പം നിരന്തര പരിഹാസങ്ങളും. ഫാബിയൊ ഫെരേര മാത്രമായിരുന്നു റോണിക്ക് കൂട്ട്. ഫാബിയൊ ആയിരുന്നു അക്കാദമിയിലെ മികച്ച കളിക്കാരന്‍. കാണാന്‍ റോണിയെ പോലെ. ഇരുവരും സഹോദരന്മാരാണെന്ന് പലരും കരുതി. ഫാബിയോയും പത്തു പേരും എന്നാണ് അന്ന് അക്കാദമി ടീം അറിയപ്പെട്ടതെന്ന് കോച്ച് ജോവൊ കൂടൊ ഓര്‍മിക്കുന്നു. അക്കാദമിയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ഫാബിയൊ. റോണിയെ പോലെ വിദൂര ഗ്രാമത്തില്‍ നിന്നാണ് ഫാബിയോയും വന്നത്. മറ്റു കുട്ടികള്‍ അവധിക്ക് വീട്ടില്‍ പോവുമ്പോള്‍ റോണിയും ഫാബിയോയും അക്കാദമിയില്‍ ഒറ്റക്കായി. അതും അവരുടെ അടുപ്പം വര്‍ധിപ്പിച്ചു.
2001 ല്‍ പോര്‍ചുഗലിന്റെ അണ്ടര്‍15 ടീമിനു വേണ്ടി ദക്ഷിണാഫ്രിക്കക്കെതിരെ ക്രിസ്റ്റിയാനൊ ആദ്യ ഗോളടിക്കുമ്പോള്‍ ആഘോഷിക്കാന്‍ ടീമില്‍ ഫാബിയൊ ഉണ്ടായിരുന്നു. ഇരുവരും പോര്‍ചുഗലിന്റെ സീനിയര്‍ ടീമിന്റെ ആക്രമണം നയിക്കുന്ന കാലം വിദൂരമല്ലെന്ന് പലരും കരുതി.
ആ കാലത്ത് ഫാബിയൊ ആയിരുന്നു മെച്ചപ്പെട്ട കളിക്കാരനെന്ന് സ്‌പോര്‍ടിംഗ് ടെക്‌നിക്കല്‍ കോഓഡിനേറ്റര്‍ ലൂയിസ് മാര്‍ടിന്‍സ് ഓര്‍മിക്കുന്നു. ഫാബിയോക്ക് പിന്നിലായാണ് ക്രിസ്റ്റ്യാനൊ കളിച്ചത്. അണ്ടര്‍15, അണ്ടര്‍17 പോര്‍ചുഗല്‍ ടീമുകള്‍ക്കു വേണ്ടി ഫാബിയൊ 10 മത്സരം കളിച്ചു. 2002 ലെ അണ്ടര്‍17 മത്സരത്തില്‍ ആന്‍ഡോറക്കെതിരെ ക്രിസ്റ്റിയാനോയും ഫാബിയോയും സ്‌കോര്‍ ചെയ്തു. അതായിരുന്നു പോര്‍ചുഗല്‍ ജഴ്‌സിയില്‍ ഫാബിയോയുടെ അവസാന മത്സരം.
അലസനായിരുന്ന ഫാബിയോയെ മറ്റു കളിക്കാര്‍ മറികടന്നു. ക്രിസ്റ്റിയാനോയുടെയും ഫാബിയോയുടെയും വഴികള്‍ വേര്‍പിരിഞ്ഞു. ആറു മാസത്തിനു ശേഷം ലിസ്ബണ്‍ സീനിയര്‍ ടീമില്‍ ക്രിസ്റ്റ്യാനൊ ആദ്യ ഗോളടിച്ചു. അടുത്ത വര്‍ഷം വന്‍ തുകക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തി. അവിടെ നിന്ന് റയല്‍ മഡ്രീഡ് റാഞ്ചി. എല്ലാം കോടികളുടെ ഇടപാടുകള്‍. ക്രിസ്റ്റിയാനോക്കും നാനിക്കും ജോവോ മൗടിഞ്ഞോക്കും സില്‍വസ്റ്റര്‍ വരേലക്കും മിഗ്വേല്‍ വെലോസോക്കുമൊക്കെയൊപ്പം കളിച്ച ഫാബിയൊ അപ്പോള്‍ പോര്‍ചുഗലിലെ അര്‍ധ അമച്വര്‍ ടീമുകളില്‍ മിനിമം വേതനം വാങ്ങി കഴിയുകയായിരുന്നു. ഫാബിയൊ പിന്നീട് വിസ്മൃതിയിലേക്കു പോയി.
ബ്ലീച്ചര്‍ റിപ്പോര്‍ട്ട് ഒടുവില്‍ ആ നഷ്ടപ്രതിഭയെ കണ്ടു പിടിച്ചു. ലിസ്ബണില്‍ നിന്ന് അഞ്ചു മണിക്കുര്‍ ട്രയിന്‍ ദൂരമുണ്ട് മോണ്ടെ ഗോര്‍ദോയിലേക്ക്. അവിടത്തെ പോപുലര്‍ റെസ്റ്ററന്റില്‍ വെയ്റ്ററായി ജോലി ചെയ്തിരുന്നു ഫാബിയൊ. പത്തു വര്‍ഷത്തോളം ക്രിസ്റ്റ്യാനൊ ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീട് ഫാബിയോയുടെ കോളുകള്‍ക്ക് മറുപടിയില്ലാതായി. ഒരു മുറിയില്‍ അന്തിയുറങ്ങിയ ആ സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം അവസാനിച്ചു. മോണ്ടെ ഗോര്‍ദോയുടെ അയല്‍ ഗ്രാമമായ വില റയല്‍ ദെ സാന്റൊ ആന്റോണിയയില്‍ ഷെല്‍ഫിഷ് കമ്പനിയിലാണ് ഇപ്പോള്‍ ഫാബിയോയുടെ ജോലി. ദിവസവും കാറില്‍ അവിടേക്ക് പോകും. എവിടെയും നിര്‍ത്താം, ആരെയും കാണാം. ക്രിസ്റ്റിയാനോയെ പോലെ ആള്‍ക്കൂട്ടം വളയില്ല, സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടില്ല. ഫാബിയോയുടെ വഴി വേറെയാണ്.