Sorry, you need to enable JavaScript to visit this website.

പോളിംഗ് പുരോഗമിക്കുന്നു, തികഞ്ഞ വിജയ പ്രതീക്ഷയെന്ന് ജെയ്ക്, ജനങ്ങളുടെ കോടതി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍


കോട്ടയം - പുതുപ്പളളിയില്‍ പോളിംഗ് പുരോഗമിക്കുകയാണ്. രാവിലെ പത്തരയായപ്പോഴേക്കും 22 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞെന്നാണ് അനൗദ്യോഗിക കണക്ക്.  ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണര്‍ക്കാട് എല്‍പി സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. മണര്‍ക്കാട് പളളിയിലെത്തി തന്റെ പിതാവിന്റെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷമാണ് ജെയ്ക് സി തോമസ് വോട്ട് ചെയ്യാനെത്തിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പളളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. അമ്മ മറിയാമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. ആദ്യം അമ്മ വോട്ട് ചെയ്തതിന് ശേഷമാണ് ചാണ്ടി ഉമ്മന്‍ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പുതുപ്പളളി പളളിയിലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്യാനെത്തിയത്.

ഈ വോട്ടെടുപ്പ് പുതിയ പുതുപ്പളളിയെ സൃഷ്ടിക്കുമെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. പുതുപ്പളളിക്ക് ചരിത്ര ദിനമാണിന്ന്. തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും വിധിയെഴുത്ത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ചാണ്ടി ഉമ്മന്റെ ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പരാതി കൊടുക്കാന്‍ യുഡിഎഫ് തയ്യാറാണോ എന്നും ജെയ്ക് ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഓഡിയോ ചോര്‍ത്തിയതെന്നും ജെയ്ക് ആരോപിച്ചു. അതേസമയം ജനങ്ങളുടെ കോടതിയില്‍ ഇന്ന് എല്ലാം തീരുമാനിക്കുമെന്ന്  ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ എന്താണ് ചെയ്തത്. വ്യക്തി അധിക്ഷേപത്തിലേക്ക് അധ:പതിച്ചതെന്തിനെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. പുതുപ്പളളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഇപ്പോഴത്തെ സര്‍ക്കാറാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി

Latest News