Sorry, you need to enable JavaScript to visit this website.

കുരുമുളക് തിളങ്ങി, മഴയിൽ തളർന്ന് കൊപ്രയും റബറും

വിലത്തകർച്ചക്ക് അവധി നൽകി കുരുമുളക് വില ഉയർന്നത് കാർഷിക മേഖലയിൽ പ്രതീക്ഷ പകർന്നു. കനത്ത മഴ കൊപ്ര ക്ഷാമത്തിന് ഇടയാക്കി. റബർ ഷീറ്റ് ക്ഷാമം രൂക്ഷമായതോടെ ടയർ കമ്പനികൾ റബർ വില ഉയർത്താൻ മത്സരിച്ചു. സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം.
ഓഫ് സീസണിലെ വിലക്കയറ്റത്തിന് ഒരുങ്ങുകയാണോ ഇന്ത്യൻ കുരുമുളക്? കേരളത്തിലെ ഉൽപാദകർ വൻ പ്രതീക്ഷയിലാണ്. പിന്നിട്ട എട്ടാഴ്ചകളിൽ വിലത്തകർച്ചയെ അഭിമുഖീകരിച്ച കറുത്തപൊന്ന് കഴിഞ്ഞ വാരത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചുവരവിന്റെ സൂചനകൾ പുറത്തുവിട്ടു. പ്രതികൂല കാലാവസ്ഥമൂലം കൊച്ചി മാർക്കറ്റിൽ വരവ് ചുരുങ്ങിയത് വില ഉയർത്താൻ ഒരു വിഭാഗം വാങ്ങലുകാരെ പ്രേരിപ്പിച്ചു.
ഗാർബിൾഡ് കുരുമുളക് 34,300 രൂപയിൽനിന്ന് 34,000 ലേക്ക് താഴ്ന്ന ശേഷം വാരാന്ത്യം 34,900 രൂപയിലാണ്. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില  ടണ്ണിന് 5200 ഡോളറിൽനിന്ന് 5300 ഡോളറായി. വിയറ്റ്‌നാമും ബ്രസീലും താഴ്ന്ന നിരക്കിലെ ക്വട്ടേഷൻ ഇറക്കുന്നുണ്ട്. വിളവെടുപ്പിന് ഇന്തോനേഷ്യയിൽ തുടക്കം കുറിച്ചെങ്കിലും ഉൽപാദനത്തെക്കുറിച്ച് വ്യക്തമായ ചിത്രം  പുറത്തുവന്നിട്ടില്ല. ഇതുമൂലം ഇറക്കുമതി രാജ്യങ്ങൾ തിരക്കിട്ടുള്ള കച്ചവടങ്ങൾക്ക് ഉറപ്പിച്ചിട്ടില്ല. ഇന്തോനേഷ്യയിൽ ഉൽപാദനം ചുരുങ്ങിയാൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വൈകാതെ ആഗോള വിപണിയിൽ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് കയറ്റുമതി രാജ്യങ്ങൾ. 
ഉത്സവ ദിനങ്ങൾ അടുത്തതോടെ ഏലയ്ക്ക ക്ഷാമം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് വിപണി. ലേലകേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കാൻ കഴിഞ്ഞവാരവും വാങ്ങലുകാർ മത്സരിച്ചു. ഉൽപാദനം ചുരുങ്ങുമെന്ന ഭീതി കണക്കിലെടുത്താൽ കിലോ 1600 റേഞ്ചിലേക്ക് ഏലയ്ക്ക വില ഉയരാം. പല അവസരത്തിലും കിട്ടുന്ന വിലയ്ക്ക് ചരക്ക് സംഭരിക്കാൻ  വാങ്ങലുകാർ ഉത്സാഹിച്ചു. ഒരവസരത്തിൽ മികച്ചയിനം ഏലയ്ക്ക വില കിലോ 1613 രൂപ വരെ കുതിച്ചു. വാരാവസാനം 1392 രൂപയിലാണ്. അറബ് രാജ്യങ്ങളിൽനിന്ന് പുതിയ ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി സമൂഹം.  
ചുക്കിന് ആഭ്യന്തര, വിദേശ ഡിമാന്റ് ഉയരുമെന്ന നിഗമനത്തിലാണ് മധ്യവർത്തികൾ. ഉൽപാദന മേഖലയിൽ ചുക്ക് സ്റ്റോക്കുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യ വിപണികളിൽ കാര്യമായി ഉൽപ്പന്നമെത്തിയില്ല. അന്തരീക്ഷ താപനിലയിലെ മാറ്റം ചുക്കിന്റെ ഗുണമേന്മയെ ബാധിക്കും. ഗുണനിലവാരം കുറഞ്ഞ ചുക്ക് കയറ്റുമതി സമൂഹം ശേഖരിക്കില്ല. കൊച്ചിയിൽ വിവിധയിനം ചുക്ക് 14,000-15,000 രൂപയിലാണ്. 
പ്രതികൂല കാലാവസ്ഥമൂലം കാർഷിക മേഖലകളിൽനിന്നുള്ള കൊപ്ര നീക്കം പൂർണമായി സ്തംഭിച്ചതോടെ മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തി. കൊച്ചിയിൽ എണ്ണ വില 16,800 രൂപയിലാണ്. കൊപ്ര 11,065 ൽനിന്ന് 11,190 രൂപയായി. കൊപ്രയാട്ട് വ്യവസായികളുടെ പ്രതീക്ഷക്കൊത്ത് പ്രാദേശിക തലത്തിൽ വിൽപ്പന ഉയർന്നില്ല. 
ആഭ്യന്തര, അന്താരാഷ്ട്ര റബർ വിലകൾ ഏതാണ്ട് ഒപ്പത്തിനൊപ്പം നീങ്ങിയതോടെ ടയർ നിർമ്മാതാക്കൾ കൊച്ചി, കോട്ടയം റബർ വിപണികളിൽ പിടിമുറുക്കി. റബർ ഷീറ്റ് വരവ് ചുരുങ്ങിയതോടെ വില ഉയർത്തുകയല്ലാതെ മറ്റ് മാർഗമില്ലാതെ ടയർ നിർമ്മാതാക്കൾ ക്വട്ടേഷൻ നിരക്ക് വർധിപ്പിച്ചു. കനത്ത മഴ മൂലം സ്‌റ്റോക്കിസ്റ്റുകൾ രംഗത്ത് സജീവമല്ല. ടയർ വ്യവസായികൾ നാലാം ഗ്രേഡ് റബർ വില 12,750 രൂപയിൽനിന്ന് 13,100 രൂപയായി ഉയർത്തിയെങ്കിലും കാര്യമായി ചരക്ക് ലഭിച്ചില്ല. അഞ്ചാം ഗ്രേഡ് 12,600 രൂപയിൽ നിന്ന് 12,900 രൂപയായി. 500 രൂപ വർധിച്ച് ലാറ്റക്‌സ് 8500 രൂപയിൽ കൈമാറി. വിപണിയിലെ ഉണർവും വരുംദിനങ്ങളിലെ തെളിഞ്ഞ കാലാവസ്ഥയും ലഭ്യമായാൽ കർഷകർ റബർ ടാപ്പിംഗ് പുനരാരംഭിക്കും. 
ആഭരണ വിപണികളിൽ 22,400 രൂപയിൽ വിൽപനയാരംഭിച്ച പവൻ 22,200 വരെ താഴ്ന്ന ശേഷം ശനിയാഴ്ച 22,360 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2795 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1241 ഡോളറിൽനിന്ന് 1211 വരെ നീങ്ങിയ ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 1231 ഡോളറിലാണ്. 

Latest News