മഞ്ചേരി-പതിമൂന്നുകാരിയായ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയിൽ പരാതി നൽകി. ആലുവ സ്വദേശിയായ 53കാരനാണ് ഡി.ജി.പി,
മലപ്പുറം പോലീസ് മേധാവി, മഞ്ചേരി പോലീസ് എന്നിവർക്കെതിരെ റിട്ട് ഹർജി നൽകിയത്. കുട്ടി മാതാവിന്റെ കസ്റ്റഡിയിലായിരുന്ന സമയത്താണ് പീഡനം നടന്നതെന്നാണ് പരാതി. മാതാവിന്റെ സുഹൃത്തായ പ്രതി മാനഹാനി വരുത്തിയെന്ന് കുട്ടി മലപ്പുറം കുടുംബ കോടതി കൗൺസിലർ മുമ്പാകെ വെളിപ്പെടുത്തുകയായിരുന്നു. ജഡ്ജിയുടെ നിർദേശപ്രകാരം 2021 ഒക്ടോബർ എട്ടിന് കേസെടുത്ത മഞ്ചേരി പോലീസ് 2022 മേയ് എട്ടിന് പരാതി വ്യാജമാണെന്ന് കാണിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ കേസ് തള്ളിപ്പോയി.
മാതാവിനൊപ്പം കഴിയുന്ന കുട്ടിയെ മാസത്തിൽ രണ്ടു തവണ പിതാവിനെ കാണിക്കണമെന്ന് കോടതിയുടെ ഉത്തരവുണ്ടായിരുന്നു. എന്നാൽ മാതാവ് ഇതിന് തയാറാകാത്തതിനാൽ പിതാവ് ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൈക്കോടതിയെ സമീപിച്ചു. തൊട്ടടുത്ത ദിവസം തന്നെ കുട്ടിയെ സ്‌കൂളിലെത്തി നേരിട്ട് മൊഴിയെടുക്കാൻ കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകി. ജൂൺ 10നും 11നും കമ്മിറ്റി അധികൃതർ സ്‌കൂളിലെത്തി മൊഴിയെടുത്തതോടെയാണ് പീഡനം തുടരുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ജൂൺ 21ന് കുട്ടിയെ ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി കുട്ടിയുടെ താത്പര്യപ്രകാരം പിതാവിനൊപ്പം വിട്ടയക്കുകയായിരുന്നു.
കേസ് വീണ്ടും അന്വേഷണത്തിനായി മഞ്ചേരി പോലീസിലെത്തിയതോടെയാണ് പിതാവ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. പ്രതിയും പോലീസും തമ്മിലുണ്ടായിരുന്ന അടുപ്പമാണ് നേരത്തെ അന്വേഷണത്തിന്റെ ഗതി മാറ്റിയതെന്നും ഇനിയും ഇതേ ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുന്ന പക്ഷം തന്റെ മകൾക്ക് നീതി ലഭിക്കില്ലെന്നുമാണ് പിതാവിന്റെ പക്ഷം. കേസിന്റെ അന്വേഷണം മഞ്ചേരി പോലീസിൽ നിന്ന് മാറ്റണമെന്നും മലപ്പുറം പോലീസ് മേധാവി ഏറ്റെടുത്ത് നടത്തുകയോ ക്രൈംബ്രാഞ്ചിന് കൈമാറുകയോ ചെയ്യണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. പോലീസ് റഫർ ചെയ്ത കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചതായും ബാലികയുടെ പിതാവ് പറഞ്ഞു.