കൊച്ചി - ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി റോഡുകളില്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് സംബന്ധിച്ച കരാറില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഉപകരാര്‍ എടുത്ത കമ്പനി പോലും ഇതില്‍ നിന്ന് പിന്‍മാറിയെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എ ഐ ക്യാമറ പദ്ധതിയില്‍ നിന്ന് പിന്മാറാനുണ്ടായ കാരണം വിശദീകരിച്ച് ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 75 ലക്ഷം രൂപയാണ് എ ഐ ക്യാമറ പദ്ധതിയില്‍ ഉപകരാര്‍ നേടിയ ലൈറ്റ് മാസ്റ്റര്‍ കമ്പനി മുടക്കിയത്. ലാഭവിഹിതം 40 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി കുറച്ചതും പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിനായുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.