Sorry, you need to enable JavaScript to visit this website.

ലഹരി ഉപയോഗിച്ചു, ചുറ്റിത്തിരിഞ്ഞു... അഞ്ച് വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

പുല്‍പള്ളി-പഴശിരാജാ കോളേജില്‍  അഞ്ച് വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളെയാണ് പ്രിന്‍സിപ്പല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കബനിതീരത്ത് ചുറ്റിത്തിരിയുകയും ലഹരി ഉപയോഗിച്ചരീതിയില്‍ പെരുമാറുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് നടപടി. കോളേജിന്റെയും വനിതാ ഹോസ്റ്റലിന്റെയും പൊതുവായ ചട്ടങ്ങളും  ലഹരിവിരുദ്ധ നയവും ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് സസ്‌പെന്‍ഷനെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്ഥാപനത്തിന്റെ സത്‌പേരിനു കളങ്കം വരുത്തുന്ന അച്ചടക്കലംഘനമാണ് വിദ്യാര്‍ഥിനികളുടെ ഭാഗത്ത് ഉണ്ടായത്. സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടികള്‍ കാമ്പസിലെ പഠിതാക്കളോ കോളേജുമായി ബന്ധം ഉള്ളവരോ അല്ല. സംഭവത്തില്‍ തുടര്‍ നടപടികള്‍ക്ക് പോലീസ്, എക്‌സൈസ് അധികൃതര്‍ക്ക് വിവരം കൈമാറിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.
അതിനിടെ, ജില്ലാ പോലീസ് മേധാവി പദം സിംഗ് കബനി തീരത്തെ പെരിക്കല്ലൂര്‍ കടവിലും സമീപങ്ങളിലും സന്ദര്‍ശനം നടത്തി. ലഹരി ഉപയോഗിച്ച മട്ടില്‍ വിദ്യാര്‍ഥികള്‍ കബനി തീരത്ത് പെരുമാറുന്നതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സന്ദര്‍ശനം. മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍, മെംബര്‍ ഷിജോയ് മാപ്ലശേരി എന്നിവര്‍ പ്രദേശത്തെ സാഹചര്യം വിശദീകരിച്ചു. കബനി തീരത്തടക്കം നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Latest News